സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ്: സര്‍ക്കാരിന് ആശ്വസിക്കാം; ഓര്‍ഡിനന്‍സിന് സ്റ്റേയില്ല; മാനെജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തളളി; പുതുക്കിയ ഫീസില്‍ പ്രവേശനം

സ്വാശ്രയ മെഡിക്കല്‍ എംബിബിഎസ് പ്രവേശനത്തിലെ ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ മാനെജ്‌മെന്റുകള്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഹൈക്കോടതി തളളി. ഫീസ് ഘടനയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്നായിരുന്നു മാനെജ്‌മെന്റുകളുടെ ആവശ്യം. ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനോടുളള അതൃപ്തി പ്രകടിപ്പിച്ചാണ് കോടതി ഹര്‍ജി തളളിയത്. നിലവിലുളള ഫീസ് ഘടന തുടരാമെന്നും ഹൈക്കോടതി അറിയിച്ചു. അലോട്ട്‌മെന്റ് നടപടികള്‍ തുടരാമെന്നും നിലവിലെ ഫീസില്‍ മാറ്റം വരുമെന്ന കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഓര്‍ഡിനന്‍സിനെതിരെ ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനെജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എംഇഎസ് അറിയിച്ചിട്ടുണ്ട്.
നിലവിലുളള ഫീസ് ഘടന പ്രകാരം ജനറല്‍ വിഭാഗത്തിലെ 85 ശതമാനം സീറ്റില്‍ അഞ്ച് ലക്ഷം രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയാണ് ഫീസ്. ബിഡിഎസ് ഫീസ് 2.9 ലക്ഷം രൂപയാണ്. ബിഡിഎസ് എന്‍ആര്‍ഐ സീറ്റില്‍ ആറു ലക്ഷമാണ് ഫീസ്. നേരത്തെ നിശ്ചയിച്ചിരുന്നത് 85ശതമാനം ഫീസിലും 5.5 ലക്ഷം രൂപയായിരുന്നു. ഇതില്‍ അമ്പതിനായിരം രൂപ കുറവ് വരുത്തിയാണ് പുതുക്കിയ ഫീസ്. എന്നാല്‍ ബിഡിഎസ് ഫീസില്‍ നാല്‍പതിനായിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ ഫീസ് നിരക്ക് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ നിശ്ചയിച്ച ഫീസ് ഘടനക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഫീസ് കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കരാര്‍ പ്രകാരം ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകള്‍ ഈ വര്‍ഷം 4.85 ലക്ഷം രൂപക്ക് പഠിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ പുതുക്കിയ നിരക്ക് പ്രകാരം അവര്‍ക്കും അഞ്ച് ലക്ഷം രൂപ ഫീസ് ഈടാക്കാം.
നേരത്തെ ഹര്‍ജി പരിഗണിക്കവെ ഓര്‍ഡിനന്‍സ് വൈകിയതില്‍ കോടതി അതൃപ്തി രേഖപെടുത്തിയിരുന്നു. ഫീസ് നിര്‍ണയത്തിന് പതിനൊന്നാം മണിക്കൂര്‍ വരെ കാത്തിരിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗ സമിതിയുണ്ടാകുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവേശന മേല്‍നോട്ടസമിതി ഫീസ് നിശ്ചയിച്ചതോടെ മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചു. ഇതോട സര്‍ക്കാര്‍ ആദ്യം ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഫീസ് നിര്‍ണയ സമിതിയെ പ്രത്യേകം വ്യവസ്ഥ ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. ഓര്‍ഡിനന്‍സില്‍ പിഴവ് വന്നതോടെ നേരത്തെ നിശ്ചയിച്ചിരുന്ന ഫീസ് അസാധുവായിരുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പുതിയ ഫീസ് നിരക്കും വ്യക്തമാക്കിയിരുന്നു. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരും മാനേജ്മെന്റുകളുമായി ഒപ്പു വെക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഫീസ് ഘടന നടപ്പാക്കുന്നതിനുളള വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയില്‍ കൂടുതല്‍ മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.