നടിയെ ആക്രമിച്ച കേസ്: പൊലീസ് ഒരു മെമ്മറി കാര്‍ഡ് കണ്ടെടുത്തു; പിടിച്ചെടുത്തത് അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്ന്; പരിശോധനയ്ക്ക് അയക്കും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നീണ്ട പരിശോധനകള്‍ക്കുശേഷം പൊലീസിന് ഒരു മെമ്മറി കാര്‍ഡ് ലഭിച്ചു. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനില്‍ നിന്നാണ് പൊലീസ് ഇത് കണ്ടെടുത്തത്. ഇന്നലെ പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഡ്വ. രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് മെമ്മറി കാര്‍ഡ് കണ്ടെടുക്കാന്‍ കഴിഞ്ഞത്. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. നിലവില്‍ ഇതില്‍ ദൃശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിലെ ദൃശ്യങ്ങള്‍ മായിച്ചുകളഞ്ഞിട്ടുണ്ടോ എന്നറിയാനാണ് ഫോറന്‍സിക് പരിശോധന. പ്രതീഷ് ചാക്കോ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് വിലയിരുത്തല്‍. നടിയെ ആക്രമിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് പ്രതീഷ് ചാക്കോയോട് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ഇയാളോട് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ പൊലീസിന് കണ്ടെത്താന്‍ കഴിയാതെ വരുന്നതും. ജൂനിയര്‍ അഭിഭാഷകനെ കസ്റ്റഡിയില്‍ എടുക്കുന്നതും.നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും. ദൃശ്യങ്ങള്‍ പള്‍സര്‍ സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് ആദ്യഘട്ടത്തില്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് സുനി നല്‍കിയത് തന്നെയാണോ എന്നറിയണമെങ്കില്‍ ഫോറന്‍സിക് പരിശോധനാ ഫലം വരേണ്ടതുണ്ട്.

© 2024 Live Kerala News. All Rights Reserved.