മുണ്ട് ഉടുത്ത് മാളിലെത്തിയപ്പോള്‍ കയറ്റിയില്ല; തര്‍ക്കം ഇംഗ്ലീഷിലായപ്പോള്‍ ഒടുവില്‍ പ്രവേശനം; കൊല്‍ക്കത്ത മാളിനെതിരെ സിനിമാ സംവിധായകന്‍

മുണ്ട് (ദോത്തി) ഉടുത്തെത്തിയ തന്നെ മാളിലേക്ക് പ്രവേശിക്കാന്‍ മാള്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി ബംഗാളി സംവിധായകന്‍. ആശിഷ് അവികുന്തക് എന്ന ബംഗാളി സംവിധായകനാണ് വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ കൊല്‍ക്കത്തയിലെ ഒരു മാളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ 26 വര്‍ഷമായി താനുടുക്കുന്ന ദോത്തിയുടുത്ത് മാളിലേക്ക് കയറാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് തന്നെ തടയുകയായിരുന്നു എന്ന് ആശിഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു. സുരക്ഷാ കരാണങ്ങളാള്‍ ദോത്തിയും ലുങ്കിയും ഉടുത്തവര്‍ക്ക് മാളിലേക്ക് കയറാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. മാളിലേക്ക് പ്രവേശനം അനുവദിച്ചേ തീരു എന്ന് ഉറച്ച് നിന്ന് തര്‍ക്കിച്ചതോടെ ആശിഷിന് മാളില്‍ കയറാനുള്ള അനുവാദം നല്‍കി.
പ്രൈവറ്റ് ക്ലബുകള്‍ എക്കാലത്തും വസ്ത്രത്തിന്റെ പേരില്‍ ആളുകളെ അകറ്റി നിര്‍ത്തി. കൊല്‍ക്കത്തയിലെ ആഡംബര ക്ലബുകളില്‍ പ്രവേശനം നിഷേധിക്കുന്നതില്‍ പുതുമ ഒന്നുമില്ല. പക്ഷെ പൊതു സ്ഥലങ്ങളിലും ആളുകളെ വര്‍ഗാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പ്രവണത ഏറി വരികയാണ്. ഒത്തിരി വെറുപ്പോടും മടുപോടും കൂടിയാണ് ഞാനിത് എഴുതുന്നത്- ആശിഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ദോത്തിയുടുത്തതിനാല്‍ ആശിഷിനെ മാളിലേക്ക് കയറാന്‍ സെക്യൂരി ഉദ്യോഗസ്ഥര്‍ തയാറായില്ലെന്ന് ആശിഷിനൊപ്പമുണ്ടായിരുന്ന ദേബാലീന സെനും മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥരോട് ഇംഗ്ലീഷില്‍ തര്‍ക്കിച്ച് തുടങ്ങിയപ്പോള്‍ മാത്രമാണ് പ്രവേശം അനുവദിച്ചത്. ഇംഗ്ലീഷില്‍ സംസാരിക്കുന്നത് കൊണ്ട് തങ്ങള്‍ ഉന്നതാരാണെന്ന് വിചാരിച്ച് കാണും. അത് കൊണ്ടാണ് മാളിലേക്ക് കയറാന്‍ തങ്ങളെ മാളിലേക്ക് കയറാന്‍ അനുവദിച്ചത്. പക്ഷെ തങ്ങള്‍ ഉടനേ പ്രതിഷേധിച്ചെന്നും ദേബാലീന ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മുഴുവന്‍ സംഭവങ്ങളും ദേബാലീന ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ദോത്തിയുടുത്ത് കയറാനാവില്ലെന്ന് പറയുമ്പോള്‍ മാള്‍ ഉദ്യോഗസ്ഥര്‍ മറച്ച് പിടിക്കുന്ന വംശീയ മനോഭാവം ഈ വീഡിയോയില്‍ നിന്നും വ്യക്തമാണെന്നും ദേബാലീന മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ആരോപണങ്ങളെല്ലാം മാള്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഗെയിറ്റിനടുത്തുണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡ് ആശിഷിനോടും കൂടെ വന്നയാളോടും കാത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം സൂപ്പര്‍വൈസറിന്റെ അടുക്കല്‍ അഭിപ്രായം തേടുകയായിരുന്നു. 20 സെക്കന്റില്‍ അധികം നേരം അവര്‍ അവിടെ കാത്ത് നിന്നിട്ടില്ല. ഇവര്‍ മാളിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും മാള്‍ അധികൃതര്‍ പറഞ്ഞു.
ആശിഷും ദേബാലിനയും ഫെയ്സ്ബുക്കിലൂടെ തങ്ങളുടെ അനുഭവം പുറത്ത് വിട്ടതോടെ നിരവധി പേര്‍ മാളിനെതിരെ രംഗത്ത് വന്നിരുന്നു. ദോത്തിയുടുക്കന്നവരോടും ഇംഗ്ലീഷ് സംസാരിക്കുന്നവരോടുമുള്ള മാള്‍ അധികൃതരുടെ വിഭിന്ന മനോഭാവം വ്യക്തമാക്കുന്നതാണ് സംഭവമെന്ന് ഫെയ്സ്ബുക്കിലൂടെ നിരവധി പേര്‍ പ്രതികരിച്ചു.