‘മരിക്കുന്നതിന് തൊട്ടുമുമ്പ് ശ്രീനാഥിന്റെ മുറിയില്‍ രണ്ടുപേര്‍ വന്നു; അവസാന ഫോണ്‍വിളിയില്‍ കേട്ടത് ഞരക്കം മാത്രം’; ദുരൂഹത ഉയര്‍ത്തി ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി

നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി. ശ്രീനാഥിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മുറിയില്‍ രണ്ടു പേര്‍ എത്തിയിരുന്നെന്നും ഇവര്‍ ഇരുപത് മിനിറ്റോളം മുറിയില്‍ ഉണ്ടായിരുന്നെന്നും ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ ജോയി മൊഴി നല്‍കി.
ശ്രീനാഥ് അഭിനയിക്കാനിരുന്ന ചിത്രത്തിന്റെ പ്രോഡക്ഷന്‍ എക്‌സിക്യുട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോഡ് എന്നിവര്‍ അന്ന് രാവിലെ ശ്രീനാഥിനെ കാണാന്‍ എത്തിയിരുന്നതായി ജോയിയുടെ മൊഴിയില്‍ പറയുന്നു. 20 മിനിറ്റ് കഴിഞ്ഞ് ഇരുവരും റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയില്‍ നിന്ന് മാറ്റിയെന്നും ഉച്ചയോടെ മുറി ഒഴിയുമെന്നും പറഞ്ഞു. പിന്നീട് ശ്രീനാഥിന്റെ മുറിയില്‍ നിന്ന് ഫോണ്‍ വന്നു. കോള്‍ എടുത്തപ്പോള്‍ ഞരക്കം മാത്രം കേട്ടതിനെ തുടര്‍ന്ന് മുറിയില്‍ എത്തിയപ്പോള്‍ വാതില്‍ പിന്നില്‍ രക്തം ഒലിച്ച് കിടക്കുന്ന ശ്രീനാഥിനെയാണ് കണ്ടതെന്നും ജോയി പൊലീസിനോട് പറഞ്ഞു.
2010 മേയില്‍ പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു ശ്രീനാഥിന്റെ ദുരൂഹമരണം സംഭവിക്കുന്നത്. 23 ന് രാവിലെയാണ് കോതമംഗലത്തെ മരിയ ഹോട്ടലിലെ 102ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു. ദുരൂഹതകളൊന്നും ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ ആരോപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.