ഉത്തര്‍പ്രദേശ് നിയമസഭയില്‍ കണ്ടെത്തിയത് മാരക സ്‌ഫോടക വസ്തു; എന്‍ഐഎ അന്വേഷിക്കണമെന്ന് ആദിത്യനാഥ്; ക്രമസമാധാനം തകര്‍ന്നതായി പ്രതിപക്ഷം

ഉത്തര്‍പ്രദേശ് നിയമസഭയില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബജറ്റ് സമ്മേളനം നടക്കുന്ന അസംബ്ലിയില്‍ പാക്കറ്റില്‍ പൊതിഞ്ഞ നിലയില്‍ ഇന്നലെയാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. വെളുത്ത പൗഡര്‍ രൂപത്തിലുള്ള PETN (Pentaerythritol tetranitrate) എന്ന പ്ലാസ്റ്റിക് സ്ഫോടക വസ്തുവാണ് പാക്കറ്റിലുണ്ടായിരുന്നത്. മെറ്റല്‍ ഡിട്കറ്ററിലും മറ്റും ഉപയോഗിക്കുന്ന അതീവ സ്ഫോടന ശേഷിയുള്ള രാസവസ്തുവാണ് ഇത്. വളരെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്നും ദേശീയ അന്വേഷണ ഏജന്‍സി ഇക്കാര്യം അന്വേഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടത്.
അസംബ്ലിയുടെ സുരക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്ത ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. 150 ഗ്രാം ഭാരമുള്ള പാക്കറ്റ് സമാജ് വാദി പാര്‍ട്ടി അംഗം മനോജ് പാണ്ഡേയുടെ സീറ്റിനടിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഫോറന്‍സിക് പരിശോധനകള്‍ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. PETN സ്ഫോട വസ്തുവാണ് പാക്കറ്റിലെന്ന് പിന്നീട് കണ്ടെത്തി.

‘എങ്ങനെയാണ് 403 എംഎല്‍എമാരുടെ സുരക്ഷയില്‍ വീഴ്ച വരുത്താന്‍ സാധിക്കുക. വളരെ മാരകമായ വസ്തുവാണ് പിഇടിഎന്‍. ഇതിന് പിന്നില്‍ ആരാണെങ്കിലും പുറത്ത് വരും. എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസ് പരിശോധനകള്‍ക്ക് വിധേയമാക്കണം’
യോഗി ആദിത്യനാഥ്, യുപി മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും വലിയ അസംബ്ലിയുള്ള സംസ്ഥാനത്ത് ഇതുവരെയും ദ്രുത പ്രതികരണ സംഘം രൂപീകരിച്ചിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തീവ്രവാദ സാധ്യതയുണ്ടെന്നും ആദിത്യനാഥ് ആരോപിച്ചു.
നിയമസഭയിലെ എല്ലാ ഗേറ്റുകളിലും മുഴുവന്‍ ദേഹപരിശോധയ്ക്കുള്ള സ്കാനിങ് മെഷീന്‍ സ്ഥാപിക്കണം എന്നും ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം എന്നും നിയമസഭ സ്പീക്കര്‍ മാതാ പ്രസാദ് നോട്ടീസ് നല്‍കി.
സുരക്ഷാ വീഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകരുകയാണ്. സ്ത്രീകള്‍ സുരക്ഷിതല്ല. എല്ലാ ദിവസവും എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗദരി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യം മുഴുവന്‍ പടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുകയാണ് തീവ്രവാദികളെന്നും ഉത്തര്‍പ്രദേശില്‍ അവര്‍ക്ക് അതിന് സാധിക്കുകയില്ലെന്നും യുപി മന്ത്രി സിദാര്‍ത്ഥ് നാഥ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ ആഴ്ച്ചയാണ് ഉത്തര്‍പ്രദേശില്‍ ബജറ്റ് സമ്മേളം ആരംഭിച്ചത്. ബജറ്റിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണിപ്പോള്‍

© 2023 Live Kerala News. All Rights Reserved.