അടച്ചിടുന്ന ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ സൗജന്യ സേവനത്തിന് തയ്യാറെന്ന് നഴ്‌സുമാര്‍; ‘സമരം കൂടുതല്‍ ശക്തമാക്കും; സര്‍ക്കാരിന്റേത് ധാര്‍ഷ്ട്യത്തിന്റെ സ്വരം’

തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ട്, ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരെ സമര്‍ദത്തിലാക്കാനുള്ള മാനേജ്മെന്റുകളുടെ ശ്രമത്തിന് കീഴടങ്ങില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി തുടരുന്ന സമരം കൂടുതല്‍ ശക്തമാക്കും എന്ന് യുഎന്‍എ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുന്ന പണിമുടക്ക് സമരത്തിന് പുറമേ, 21 മുതല്‍ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്യുമെന്നും യുഎന്‍എ അറിയിച്ചു.
പണിമുടക്ക് സമരത്തില്‍ മൂന്നില്‍ ഒന്ന് വീതം നഴ്സുമാരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്മെന്റുകള്‍ അറിയിച്ചതിനാല്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ല. അടച്ചിടുന്ന ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ സൗജ്യനമായി സേവനം ചെയ്യാന്‍ തയാറാണെന്നും യുഎന്‍എ അറിയിച്ചു.
അതേസമയം നഴ്സുമാരുടെ സമരത്തില്‍ സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനില്ലെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന പുകമറ സൃഷ്ടിക്കാനാണെന്ന് സമരം ചെയ്യുന്ന ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം വെറും ഏഴ് ആശുപത്രികളിലെ നഴ്സുമാര്‍ക്ക് മാത്രമാണ് ശമ്പള വര്‍ധനവ് ലഭിക്കുന്നത്. സര്‍ക്കാരിന്റേത് ധാര്‍ഷ്ട്യത്തിന്റെ സ്വരമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം നീളുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഇന്നുചേര്‍ന്ന സ്വകാര്യ ആശുപത്രി മാനെജ്‌മെന്റ് അസോസിയേഷനാണ് ആശുപത്രികള്‍ അടച്ചിട്ട് സര്‍ക്കാരിനെയും നഴ്‌സുമാരുടെ സമരത്തെയും പ്രതിരോധത്തിലാക്കാനുളള തീരുമാനം എടുത്തത്. അടിയന്തര ഘട്ടങ്ങളില്‍ മാത്രം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുകയുളളുവെന്നാണ് മാനെജ്‌മെന്റുകള്‍ അറിയിച്ചത്.
സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നേരത്തെ പറഞ്ഞിരുന്നു. സമരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്നും കഴിയന്നതെല്ലാം ചെയ്തുവെന്നും സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം നിശ്ചയിച്ചിട്ടും നഴ്‌സുമാര്‍ സമരത്തില്‍ നിന്നും പിന്മാറുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

© 2023 Live Kerala News. All Rights Reserved.