‘പ്രത്യേക അടുക്കള, ആഹാരം, സേവകരായി തടവുകാര്‍’; ശശികലയ്ക്ക് ജയിലില്‍ ആഡംബര ജീവിതം; ജയില്‍ അധികൃതര്‍ക്കും കര്‍ണാടക ഡിജിപിക്കുമെതിരെ കൈക്കൂലി ആരോപണം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഡിഎംകെ നേതാവ് വികെ ശശികല നയിക്കുന്നത് അത്യാഡംബര ജീവിതം. ജയില്‍ അധികൃതര്‍ക്ക് വന്‍ തുക കൈക്കൂലി നല്‍കി ചിന്നമ്മ ജയിലില്‍ സുഖജീവിതം നയിക്കുകയാണെന്ന് കര്‍ണാടക ജയില്‍ ഡിആജി ഡി രൂപ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തമായി പ്രത്യേക അടുക്കള മുതല്‍ എല്ലാ തരത്തിലുമുള്ള ആഡംബരത്തോടെയുമാണ് എഐഡിഎംകെ അധ്യക്ഷ ശിക്ഷാ കാലയളവില്‍ കഴിയുന്നത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കര്‍ണാടക ജയില്‍ ഡിജിപി സത്യനാരായണ റാവുടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗുരുതരമായ ആരോപണമാണ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്.
പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ശശികല ജയില്‍ ജീവനക്കാര്‍ക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയതായി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഡിജിപി സത്യനാരായണ റാവുടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശശികല വന്‍തുക കൈക്കൂലി നല്‍കി. ഒരു കോടി രൂപ റാവുവിനും ഒരു കോടി മറ്റ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതായാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. നിയമവിരുദ്ധമായി സൗകര്യങ്ങള്‍ അനുവദിച്ച് കിട്ടുന്നതിന് ജയില്‍ ഡിജിപിക്ക് മുതല്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡന് വരെ ശശികല തുക കൈമാറി.
കൈകക്കൂലി കൈപ്പറ്റിയ ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നത് കൊണ്ട് എല്ലാ ദിവസവും പ്രത്യേക അടുക്കളയില്‍ പ്രത്യേക ജീവനക്കാര്‍ പാകം ചെയ്യുന്ന ആഹാരമാണ് ശശികലയ്ക്ക് ലഭിക്കുന്നത്. വനിതാ സെല്ലിന് അടുത്തായാണ് ശശികലയ്ക്ക് വേണ്ടിയുള്ള പ്രത്യേക അടുക്കള. ജയില്‍ മെനുവിലില്ലാത്ത പ്രത്യേക ആഹാരമാണ് ശശികലയ്ക്ക് വേണ്ടി തയാറാക്കുന്നതെന്ന് തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ശശികലയ്ക്ക് പുറമേ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധരായ തടവുകാര്‍ക്കും അനധികൃത സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ മുദ്രപത്ര കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ കരീം തെല്‍ഗിയെ സേവിക്കാനായി മറ്റ് തടവുകാരെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്ന തെല്‍ഗിയെ ശുശ്രൂഷിക്കാനെന്ന പേരില്‍ തടവുകാരെ അടിമകളെ പോലെ ഉപയോഗിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ഉണ്ടായിട്ടും നടപടിയെടുക്കാന്‍ ജയില്‍ സൂപ്രഡിനന്റ് തയാറാകുന്നില്ല. ജയിലില്‍ വന്‍ തോതില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ പരിശോധന നടത്തിയ 25 പേരില്‍ 18 പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തി.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ഡിജിപി റാവു തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലിൽ രഹസ്യ സന്ദർശനം നടത്തിയാണ് ഡിഐജി രൂപ റിപ്പോർട്ട്‌ തയ്യാറാക്കിയത്. പൊലീസ് ഇൻസ്‌പെക്ടർ ജനറലിനും ആഭ്യന്തര സെക്രട്ടറിക്കും അഴിമതി നിരോധന ബ്യൂറോയ്ക്കും റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ജയില്‍ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ച്ച് പൊലീസ് ഡിജിപി തള്ളിക്കളഞ്ഞു. അത്തരമൊരു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും അസംബന്ധമാണെന്നുമാണ് ഡിജിപി റാവുവിന്റെ പക്ഷം.
മുഖ്യമന്ത്രിയുമായുള്ള യോഗത്തില്‍ നിന്നും വിട്ട് നിന്നു എന്ന് ആരോപിച്ച് ഡി രൂപയ്ക്ക് മെമോ നല്‍കിയിട്ടുണ്ടെന്നും അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ആരോപണങ്ങളെന്നും റാവു ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.