ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമയോട് യെമന്‍ സര്‍ക്കാര്‍; മോചനത്തിനായി യെമന്റെ സഹായ വാഗ്ദാനവും

ന്യൂഡൽഹി ∙ യെമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്ന് സ്ഥീരികരിച്ച് യെമൻ സർക്കാർ. ടോം ഉഴുന്നാലിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനായി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും യെമന്‍ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയാണ് യെമൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുൽമാലിക് അബ്ദുൽജലീൽ അൽ–മെഖാൽഫി ഇക്കാര്യം അറിയിച്ചത്.
2016 ഏപ്രിലിലാണ് ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. യെമൻ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചിരിന്നു. തുടര്‍ന്നാണ് ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫാദർ ഉഴുന്നാല്‍ ജീവനോടെയുണ്ടെന്ന് യെമൻ സർക്കാർ അറിയിച്ചത്. ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമൻ സർക്കാർ തയാറാണെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു ഭവനില്‍ വെച്ചാണ് ഇരുമന്ത്രിമാരും ഉഭയകക്ഷി ചർച്ച നടത്തിയത്. ഫാ ഉഴുന്നാലിന്റെ മോചനമുള്‍പ്പടെ വിവിധ വിഷയങ്ങളും സഹകരണവും ചർച്ച ചെയ്തു.
ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു.

നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെട 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
നേരത്തെ ബംഗഌരുവിലും, കര്‍ണാടകയിലെ കോളാറിലും ജോലി ചെയ്തിരുന്ന ഫാ.ടോം കോട്ടയം രാമപുരം സ്വദേശിയാണ്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്

© 2024 Live Kerala News. All Rights Reserved.