ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ ‘അമ്മ’ വിടാന്‍ പൃഥ്വിരാജും യുവതാരങ്ങളും

നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാത്തപക്ഷം സംഘടന വിടാന്‍ യുവതാരങ്ങള്‍. പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയ യുവനിര താരങ്ങളാണ് ഈ നിലപാടെടുത്തിരിക്കുന്നത്. കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടില്‍ അമ്മയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ഇപ്പോള്‍ നടക്കുകയാണ്.
അതേസമയം ഈ വിഷയത്തില്‍ അമ്മയുടെ പ്രതികരണം ഉണ്ടാകാത്തപക്ഷം തന്റെ നിലപാടറിയിക്കുമെന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപ് ഉള്‍പ്പെടെ പതിനെട്ട് അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. മമ്മൂട്ടി, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ്, ആസിഫ് അലി, ദേവന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും അംഗമാണ് ദിലീപ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിലാണ് ദിലീപിന് അംഗത്വം. അറസ്റ്റിനെത്തുടര്‍ന്ന് ഫെഫ്കയില്‍ നിന്നും ദിലീപ് പുറത്താക്കപ്പെട്ടേക്കുമെന്ന് അറിയുന്നു. ഇത് സംബന്ധിച്ച തീരുമാനം ഉച്ചയോടെ ഉണ്ടായേക്കും.

© 2023 Live Kerala News. All Rights Reserved.