ജനം വീണ്ടും ശശിയായി.. സംസ്ഥാനത്ത് വിലക്കയറ്റമെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചു.. മന്ത്രിയ്ക്ക് സോഷ്യല്‍ മീഡിയയുടെ പരിഹാസം

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റമെന്നു സര്‍ക്കാര്‍. പാല്‍, പച്ചക്കറി വില 50 ശതമാനവും അരി വില 21 ശതമാനവും കൂടിയെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. സവാള വില നാലുവര്‍ഷത്തിനിടെ കൂടിയത് 88 ശതമാനമാണ്.

നിത്യോപയോഗസാധനങ്ങളുടെ വിലയിലടക്കമുണ്ടായ വര്‍ധനവിന്റെ നാലുവര്‍ഷത്തെ കണക്കാണു ഭക്ഷ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചത്. അരിവില കൂടിയത് 21%, മട്ട അരിക്ക് കൂടിയത് 32%, ചെറുപയര്‍ കൂടിയത് 46%, വെളിച്ചണ്ണ 50.76%, ഉഴുന്ന് 41%, പയര്‍ വര്‍ഗ്ഗങ്ങള്‍ക്ക് കൂടിയത് 42%, മറ്റ് പലചരക്കുകള്‍ക്ക് 20 മുതല്‍ 32 ശതമാനം വരെയും കൂടി.

പലവ്യജ്ഞനത്തെക്കാള്‍ വില കൂടിയതു പച്ചക്കറിക്കാണ്. സവാളയ്ക്കു മാത്രം കൂടിയത് 88%. നേന്ത്രക്കായ 5%, കാബേജ് 60%, ബീറ്റ് റൂട്ട് 80%, പച്ചത്തേങ്ങ 73%.

ഹോട്ടലുകളില്‍ തീവിലയാണെന്നും സര്‍ക്കാര്‍ സമ്മതിക്കുന്നു. ഊണിനു മാത്രം വില കൂടിയത് 65%. ചായക്ക് കൂടിയത് 47%. പാലിന് 59%. പഞ്ചസാരക്ക് പക്ഷെ കൂടിയത് 7%. ആകെ 60 ഇനങ്ങള്‍ക്കു വില കൂടിയെന്നാണ് ഭക്ഷ്യമന്ത്രി രേഖാമൂലം അറിയിച്ചത്.

ഇന്ധന വില കൂടിയതും ഉല്പാദനം കുറഞ്ഞതുമാണു കാരണമെന്നാണു വിശദീകരണം. ദേശീയ തലത്തിലുണ്ടായ വിലക്കയറ്റത്തിന്റെ ഭാഗമായാണു കേരളത്തിലും വില കൂടിയതെന്നും  അനിയന്തിതമായ വിലക്കയറ്റമില്ലെന്നും പിന്നീട് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.

© 2024 Live Kerala News. All Rights Reserved.