മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പലിന്‍റെ ക്യാപ്റ്റനടക്കം മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു

കൊച്ചി: കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലിടിച്ച് രണ്ടുപേരുടെ മരണത്തിന് കാരണമായ സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനടക്കം മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു. കപ്പലിന്റെ ക്യാപ്റ്റന്‍ ജോര്‍ജ് നാകീസ് ലോണീസ, സെക്കന്റ് ഒാഫീസര്‍ ഗ്യാലനോസ് അക്വാനിയോസ്, നിവാനോ എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
കപ്പലിന്റെ ക്യാപ്റ്റനെതിരെ ഐപിസി 304 വകുപ്പു പ്രകാരം മനപൂര്‍വ്വമായുള്ള നരഹത്യയ്ക്ക് കോസ്റ്റല്‍ പൊലീസ് കേസെടുത്തിരുന്നു. മത്സ്യബന്ധനത്തിനു പോയ കാര്‍മാല്‍ മാത എന്ന ബോട്ട് ജൂണ്‍ 11നാണ് കപ്പല്‍ ഇടിച്ചു തകര്‍ത്തത്. സംഭവത്തില്‍ അസം സ്വദേശിയും കുളച്ചാല്‍ സ്വദേശിയുമാണ് മരിച്ചത്.ബോട്ടില്‍ ഉണ്ടായിരുന്ന പതിനൊന്ന് തൊഴിലാളികളെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് രക്ഷിച്ചത്. സംഭവ ശേഷം കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് നാവിക സേനയും തീരദേശ സേനയും ചേര്‍ന്നാണ പനാമ രജിസ്‌ട്രേഷനിലുള്ള ആംബര്‍ എല്‍ എന്ന കപ്പല്‍ പിടികൂടിയത്.
ബോട്ടില്‍ കപ്പല്‍ ഇടിച്ചത് അറിഞ്ഞില്ല എന്നാണ് ക്യാപ്റ്റന്‍ മൊഴി നല്‍കിയത്. എന്നാല്‍ കപ്പിത്താന്റെ വാദം വിശ്വസനീയമല്ല എന്ന് മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കപ്പലില്‍ നിന്നും പിടിച്ചെടുത്ത വോയിസ് ഡാറ്റാ റെക്കോര്‍ഡര്‍ അടക്കമുളള രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.