‘അമ്മയുടേത് സ്ത്രീവിരുദ്ധ നിലപാട്, ഇരയും ആരോപണ വിധേയനും സംഘടനക്ക് ഒരുപോലെ’; രൂക്ഷ വിമര്‍ശനവുമായി പികെ ശ്രീമതി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ നിലപാടിനെ വിമര്‍ശിച്ച് പികെ ശ്രീമതി. അമ്മയുടേത് സ്ത്രീ വിരുദ്ധ നിലാപാടാണെന്ന് പികെ ശ്രീമതി കുറ്റപ്പെടുത്തി. ഇതാകും വനിതാ പ്രവര്‍ത്തകര്‍ പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ കാരണം. പക്ഷേ അമ്മ യോഗത്തില്‍ അവര്‍ക്ക് ശരിയായി പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും, ഒന്നും പൊട്ടിത്തെറിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ അവരെ സമൂഹം അംഗീകരിച്ചേനെയെന്നും ശ്രീമതി പറഞ്ഞു. ഇരയായ നടിയും ആരോപണ വിധേയനായ വ്യക്തിയും അമ്മക്ക് ഒരുപോലെയാണെന്നും, അമ്മ പോലുള്ള സംഘടനക്ക് ചേര്‍ന്നതല്ലന്നും അവര്‍ തുറന്നടിച്ചു. ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിലൂടെയാണ് പികെ ശ്രീമതിയുടെ പ്രതികരണം.
പികെ ശ്രീമതിയുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം

അമ്മ ‘. ഒരു നല്ല സംഘടനയാണ്. എന്നാൽ “അമ്മക്ക് “അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സംശയം വന്നതിനാലാകാം സിനിമാ രംഗത്തെ വനിതാ പ്രവർത്തകർക്ക് പുതിയൊരു കൂട്ടായ്മ രൂപീകരിക്കേണ്ടി വന്നത്. അതിൽ സിനിമാ രംഗത്തെ ചെറുപ്പക്കാരായ വനിതകളെ അഭിനന്ദിച്ചേ മതിയാകൂ. പുരുഷ മേധാവിത്വത്തെക്കുറിച്ച് സ്ത്രീകൾ പറയുന്നത് സ്വാഭാവിക പ്രതികരണമായിമാത്രമാണു എല്ലാവരും കരുതുക. എന്നാൽ പ്രമുഖ നേതാക്കളുൾപ്പടെ പുരുഷന്മാർ പരസ്യമായി പുരുഷ മേധാവിത്വത്തിനെതിരായി വിമർശിച്ചു രംഗത്തു വന്നതും. ” വനിതാതാരകൂട്ടായ്മ” യെ അഭിനന്ദിച്ചതും സ്വാഗതാർഹമാണു . അവസരത്തിനൊത്ത്‌ അത്രയെങ്കിലും ഉയരാൻ അവർക്കു സാധിച്ചല്ലോ. കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാൻ ‘അമ്മ’ ക്മ്മിറ്റിയിൽ പങ്കെടുത്തവർക്ക്‌ കഴിഞ്ഞതുമില്ല . ഒന്നു പൊട്ടി ത്തെറിക്കുകയെങ്കിലും ചെയ്തൂടേ അവർക്ക്‌? എങ്കിൽ സമൂഹമാകെ അവരെ അഭിനന്ദിച്ചേനേ . ജനം ഈ വിഷയം ഗൗരവത്തോടെ കാണുന്നുണ്ട്‌ . സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം സഖാവ് എം.എ ബേബി നൽകിയ പ്രസ്താവന വളരെ സ്വാഗതാർഹമാണു. “അമ്മ”. ആക്രമിക്കപെട്ട നടിക്കും ആരോപണത്തിനു വിധേയനായ നടനും വേണ്ടി ഒരു പോലെ നിലക്കൊള്ളും എന്നാണു വ്യക്തമാക്കിയത്‌ . കഷ്ടം ! പുരുഷ മേധാവിത്വപരവും സ്ത്രീവിരുദ്ധവുമായ നിലപാട്‌ അല്ലേ അത്‌? ഒരു നിമിഷം ചിന്തിച്ചുനോക്കൂ ‌ . “അമ്മ” ക്കു യോജിച്ചതാണോ ആ പ്രസ്താവന?സ്ത്രീയുടെ ഒരു നേരിയ സ്വരം പോലും അവിടെ ഉയർന്നില്ല പോലും! അഥവാ ഉയരാൻ അവസരം കൊടുത്തില്ല എന്നു പറയുന്നതാണു ശരി എന്നു പലരും പറഞ്ഞു കേൾക്കുന്നു. അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരിൽ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങൾ തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോൾ ‘അമ്മ ”മനസ്സ് തങ്ങൾക്കൊപ്പമുണ്ടോ എന്ന് സിനിമാ രംഗത്തെ പെൺകുട്ടികളും. ജനങ്ങളാകേയും സംശയിച്ചാൽ ആർക്കെങ്കിലുംതെറ്റ് പറയാനാകുമോ?

താരസംഘടനയായ അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ മുകേഷ് പൊട്ടിത്തെറിച്ചിരുന്നു. ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞത് വിവാദം സൃഷ്ടിച്ചിരുന്നു. സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്. എന്തുവന്നാലും അംഗങ്ങളെ സംരക്ഷിക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു. രണ്ട് പേര്‍ക്കൊപ്പവും സംഘടനയുണ്ടെന്നും ദിലീപിന് അമ്മയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.