തങ്ങളുടെ സര്‍വീസ് ചാര്‍ജ് ഇതര ബാങ്കുകളെക്കാള്‍ കുറവാണെന്ന് എസ്ബിഐ; ‘മറ്റ് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാത്തത് എടിഎം കുറവായതിനാല്‍’ NATIONAL June 28, 2017, 9:55 am

തങ്ങള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് മറ്റ് ബാങ്കുകളെ അപേക്ഷിച്ച് കുറവാണെന്ന് സ്ഥാപിച്ച് എസ്ബിഐയുടെ സര്‍ക്കുലര്‍. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യബാങ്കുകളെ ഉദാഹരിച്ചാണ് ബ്രാഞ്ച് മാനെജര്‍മാര്‍ക്ക് മാനെജ്‌മെന്റ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. ഇടപാടുകാരുമായി സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയാണെങ്കില്‍ ന്യായീകരിക്കാനായിട്ടാണ് സ്വകാര്യ ബാങ്കുകളുമായി താരതമ്യം ചെയ്തുകൊണ്ടുളള സര്‍ക്കുലര്‍ എല്ലാ ബ്രാഞ്ചുകളിലും നല്‍കിയത്. കേരളത്തില്‍ തന്നെയുളള മൂന്നു സ്വകാര്യ ബാങ്കുകളിലെയും രണ്ട് പുതുതലമുറ സ്വകാര്യബാങ്കുകളിലെയും ഒരു പൊതുമേഖലാ ബാങ്കിലെയും സര്‍വീസ് ചാര്‍ജുമായി താരതമ്യപ്പെടുത്തിയാണ് സര്‍ക്കുലര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഗ്രാമത്തിലെ ശാഖയിലുള്ള അക്കൗണ്ടില്‍ 2500 രൂപ വേണമെന്ന് പുതുതലമുറ ബാങ്കുകള്‍ അനുശാസിക്കുമ്പോള്‍ എസ്ബിഐ 1000 രൂപ വേണമെന്നേ പറയുന്നുള്ളൂ. നിശ്ചിത തുകയില്‍ കുറഞ്ഞാല്‍ പിഴയായി 80 രൂപയാണ് എസ്ബിഐ ഈടാക്കുന്നത്. പുതുതലമുറ ബാങ്കുകള്‍ 100 രൂപ ഈടാക്കുന്നു. അക്കൗണ്ട് 14 ദിവസത്തിനകം ക്ലോസ് ചെയ്താല്‍ പ്രത്യേക ചാര്‍ജ് എസ്ബിഐ ഈടാക്കുന്നില്ലെന്നിരിക്കെ ആറുമാസത്തിനുമുന്‍പ് റദ്ദാക്കിയാല്‍ 75 മുതല്‍ 100 രൂപവരെ സ്വകാര്യ ബാങ്കുകള്‍ ഈടാക്കുന്നു. അഡീഷണല്‍ ചെക്ക് ബുക്ക് വാങ്ങുമ്പോള്‍ ലീഫൊന്നിന് 2.50-3.00 വരെ ചില ബാങ്കുകള്‍ ഈടാക്കുമ്പോള്‍ എസ്ബിഐ ചാര്‍ജ് വാങ്ങുന്നില്ല.

എടിഎമ്മില്‍നിന്ന് അഞ്ചിലേറെ തവണ പണം പിന്‍വലിക്കുമ്പോള്‍ 10 രൂപവീതം ചാര്‍ജാണ് എസ്ബിഐ ഈടാക്കുന്നത്. ഇതില്‍ താരതമ്യപ്പെടുത്തിയ ബാങ്കുകള്‍ അവരവരുടെ ബാങ്കിലെ അക്കൗണ്ടുകാരില്‍നിന്ന് ചാര്‍ജ് ഈടാക്കാത്തത് അവര്‍ക്ക് എടിഎം വളരെ കുറവായതിനാലും അവരുടെ അക്കൗണ്ടുകാരില്‍ വലിയൊരുഭാഗം മറ്റ് എടിഎമ്മുകളെ ആശ്രയിക്കുന്നതിനാല്‍ ആണെന്നുമാണ് പഠനത്തില്‍ പറയുന്നത്. സര്‍വീസ് ചാര്‍ജുമായി ബന്ധപ്പെട്ട 15 ഇനങ്ങളിലും എസ്ബിഐയുടെത് സ്വകാര്യ-പുതുതലമുറ സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് മികച്ചതാണെന്ന് സ്ഥാപിക്കാനുളള നീക്കമാണ് സര്‍ക്കുലറില്‍.

© 2024 Live Kerala News. All Rights Reserved.