‘ക്രിമിനല്‍ അന്വേഷണമുണ്ടെങ്കിലും എ‍ഡിജിപിയാകാന്‍ തച്ചങ്കരി യോഗ്യന്‍’; സര്‍വീസ് ഉത്തരവ് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

കൊച്ചി∙ ടോമിൻ ജെ. തച്ചങ്കരിക്ക് എ‍ഡിജിപിയായിരിക്കാൻ യോഗ്യതയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇദ്ദേഹത്തിന്റെ നിയമനം സർക്കാരിന്റെ വിവേചനാധികാരത്തിൽപ്പെട്ടതാണന്നും സര്‍വീസ് സംബന്ധമായ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. തച്ചങ്കരിക്ക് ക്രമസമാധാന ചുമതലയില്ല. ഭരണപരമായ കാര്യങ്ങളാണ് അദ്ദേഹം നിര്‍വഹിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തച്ചങ്കരിക്കെതിരായ രണ്ട് ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
ആരോപണങ്ങൾ നേരിടുന്ന ടോമിൻ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് സുപ്രധാന പദവി വഹിക്കുന്നത് ചോദ്യം ചെയ്ത് രാമങ്കരി സ്വദേശി ജോസ് തോമസ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സർക്കാര്‍ വിശദീകരണം നല്‍കിയത്.
ജോസ് തോമസിന്റെ ഹര്‍ജിയില്‍ സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയായാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തച്ചങ്കരിക്കെതിരായ രണ്ട് ക്രിമിനല്‍ കേസുകളില്‍ ദ്രുത പരിശോധന നടക്കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
ടോമിന്‍ ജെ. തച്ചങ്കരിയെ പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പിയായി നിയമിച്ചത് പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എന്നും ഡിജിപി എന്നൊരു തസ്തികയുടെ ആവശ്യമുണ്ടോ എന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ എന്ത് കൊണ്ടാണ് വൈകുന്നതെന്നും ആരോപണവിധേയനായ ഒരാളെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്താണെന്നുമുള്ള രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി കഴിഞ്ഞ വാദത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്.

ഡിജിപി സെന്‍കുമാര്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ വിവരങ്ങള്‍ നല്‍കാനെന്നും കോടതി ആരാഞ്ഞു. തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങള്‍ നല്‍കാന്‍ നേരത്തെ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച ഇന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. തുടര്‍ന്നാണ് ഇനി കേസ് പരിഗണിക്കുന്ന ബുധനാഴ്ച സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.
സുപ്രീംകോടതിയില്‍ നടത്തിയ കേസിനൊടുവിലാണ് സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നത്. ഇതിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവന്നതെന്നായിരുന്നു ആക്ഷേപം. സെന്‍കുമാര്‍ തിരികെ സര്‍വീസില്‍ എത്തിയത് മുതല്‍ ഇവര്‍ തമ്മിലുളള ഭിന്നതകള്‍ രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

© 2022 Live Kerala News. All Rights Reserved.