ഫിഫ കോണ്‍ഫഡറേഷന്‍സ് കപ്പ്; ഗ്രൂപ്പ് ബിയില്‍ നിന്ന് ജര്‍മനിയും ചിലിയും ; സെമി ലൈനപ് പൂര്‍ത്തിയായി

മോസ്‌കോ: ഫിഫ കോണ്‍ഫഡറേഷന്‍സ് കപ് ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ഗ്രൂപ്പ് ബിയില്‍ നിന്ന് ജര്‍മനിയും ചിലിയും സെമിയില്‍ പ്രവേശിച്ചു. പോര്‍ച്ചുഗലും മെക്‌സിക്കോയും ഗ്രൂപ്പ് എയില്‍ നിന്ന് സെമിയിലെത്തി.
യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ കോപ്പ അമേരിക്ക ജേതാക്കളായ ചിലിയെ നേരിടും. ബുധനാഴ്ച്ചയാണ് കലാശപ്പോരാട്ടത്തില്‍ പ്രവേശിക്കാനായുള്ള ഇരുടീമുകളുടെയും ഏറ്റുമുട്ടല്‍. രണ്ടാം സെമിയില്‍ ലോകചാംപ്യന്‍മാരായ ജര്‍മനി കോണ്‍കകാഫ് വിജയികളായ മെക്‌സിക്കോയെ നേരിടും. വ്യാഴാഴ്ച്ചയാണ് ജര്‍മനി-മെക്‌സിക്കോ പോരാട്ടം.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയുമായി സമനില (1-1) വഴങ്ങിയാണ് ചിലി ഗ്രൂപ്പില്‍ രണ്ടാമതായി ഫിനിഷ് ചെയ്തത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജയിംസ് ട്രോയ്‌സിയും ചിലിയ്ക്കു വേണ്ടി മാര്‍ട്ടിന്‍ റൊഡ്രീഗസും വല ചലിപ്പിച്ചു. കാമറൂണിനെ 3-1 ന് തകര്‍ത്തുകൊണ്ടാണ് ജര്‍മനിയുടെ സെമി പ്രവേശം. ടിമോ വെര്‍ണര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ കെറം ഡെമിര്‍ബെയും ഒപ്പം വലകുലുക്കി. കാമറൂണിന് വേണ്ടി വിന്‍സെന്റ് അബൂബക്കര്‍ ആശ്വാസ ഗോള്‍ നേടി.