മോഡി-ട്രംപ് ആദ്യ കൂടിക്കാഴ്ച്ച ഇന്ന്; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞും സുഷമാ സ്വരാജിനെ അഭിനന്ദിച്ചും പ്രധാന മന്ത്രി

പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. മോഡിയുടെ അഞ്ചാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഇന്ത്യ- അമേരിക്ക ബന്ധത്തിലെ പുതിയ അധ്യായമാണ് ഇന്നത്തെ കൂടിക്കാഴ്ച്ച എന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. ഊഷ്മളമായ സ്വീകരണമാണ് മോഡിക്ക് അമേരിക്കയില്‍ ലഭിച്ചത്. ഭീകരവാദം, പ്രതിരോധ പങ്കാളിത്തം, സാമ്പത്തിക വ്യവസായ രംഗത്തെ പങ്കാളിത്തം എന്നിവ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. സമാന താത്പര്യങ്ങളുള്ള നേതാക്കള്‍ തമ്മിലെ ആദ്യ കൂടിക്കാഴ്ച്ച എന്ന നിലയില്‍ ഇന്നത്തെ സന്ദര്‍ശനത്തെ അന്താരാഷ്ട്ര മാധ്യമങ്ങളും പ്രാധാന്യത്തോടെയാണ് കാണുന്നത്.
ഇന്നലെ അമേരിക്കയിലെത്തിയ പ്രധാന മന്ത്രി വിര്‍ജീനയിലെ ഒരു സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഉറി ആക്രമണത്തിന് ശേഷം നടന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് രാജ്യത്തിന്റെ ശക്തിയാണ് സൂചിപ്പിക്കുന്നത് എന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. ഭീകരവാദത്തെ കുറിച്ച് ഇന്ത്യ 20 വര്‍ഷം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു . ഇന്ത്യ ഭീകരവാദത്തിന്റെ ഇരയായണ്. എന്നാല്‍ ഇത് പരിഹരിക്കാനുള്ള വഴി ഇന്ത്യ സ്വായത്തമാക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ അഭിനന്ദിക്കാനും പ്രധാന മന്ത്രി മറന്നില്ല. നയതന്ത്ര കാര്യങ്ങള്‍ക്ക് മനുഷ്യത്വത്തിന്റെ മുഖം നല്‍കാന്‍ സുഷമ സ്വരാജിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഇന്ത്യക്കാരുടെ ഏത് പ്രശ്നം പരിഹരിക്കുന്നതിനും എംബസ്സിയുടെ സഹായമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
എന്‍ഡിഎ സര്‍ക്കാരിന്റെ മുന്ന് വര്‍ഷത്തെ നേട്ടങ്ങളും ചടങ്ങില്‍ മോഡി സൂചിപ്പിച്ചു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒരു ഉദ്യോഗസ്ഥനെതിരെ പോലും അഴിമതി ആരോപണമുണ്ടായിട്ടില്ലെന്ന് മോഡി അവകാശപ്പെട്ടു. അഴിമതി തടയുന്നതിന് സര്‍ക്കാര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ വിവിധ കമ്പനി മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിലെത്തുന്ന മോഡിയും ട്രംപും തമ്മില്‍ സുപ്രധാന വിഷയങ്ങളില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. ഇരുവരും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നയതന്ത്ര പ്രതിനിധികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. എച്ച് വണ്‍ ബി വീസ നിയന്ത്രണം ചര്‍ച്ച ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും തത്ക്കാലത്തേക്ക് ഈ വിഷയത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.