ശ്രീകാന്ത് ചരിത്രമെഴുതി; ഓസീസ് ഒാപ്പണ്‍ സൂപ്പര്‍ സീരിസ് കിരീടം ഇന്ത്യന്‍ താരത്തിന്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് കിരീടം ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്. ഫൈനലില്‍ ഒളിമ്പിക്‌സ് ചാമ്പ്യനും രണ്ടുതവണ ലോകചാമ്പ്യനുമായ ചൈനയുടെ ചെന്‍ ലോങ്ങിനെ തകര്‍ത്താണ് ശ്രീകാന്ത് കിരീടം സ്വന്തമാക്കിയത്. സ്വപ്‌നസമാനമായ ഫോമില്‍ കളിക്കുന്ന ശ്രീകാന്തിന്റെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരിസ് കിരീടമാണിത്.
വാശിയേറിയ പോരാട്ടത്തില്‍ നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ വിജയം. സ്‌കോര്‍: 22-20, 22-16. ഇതുവരെ ചെന്‍ ലോങ്ങുമായി മുഖാമുഖമെത്തിയ അഞ്ചു തവണയും തോറ്റ ശ്രീകാന്തിന്റെ മധുര പ്രതികാരമായി മാറി ഈ വിജയം.

സെമിയില്‍ ചൈനയുടെ ഷി യുക്വിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത് (10-21, 14-21).
തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ കളിക്കാരനെന്ന ഖ്യാതിയുമായി ചെന്‍ ലോങ്ങിനെ നേരിട്ട ശ്രീകാന്ത്, ഇത്തവണയും പിഴവുകളില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലില്‍ ശ്രീകാന്ത് തകര്‍ത്തുവിട്ട ചൈനീസ് താരം ചെന്‍ ലോങ്ങും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ്. ഇന്തൊനീഷ്യയുടെ സോണി ഡ്വി കുന്‍കൊറൊ, മലേഷ്യയുടെ ലീ ചോങ് വീ, ചൈനയുടെ ലിന്‍ ഡാന്‍ എന്നിവരാണ് തുടര്‍ച്ചയായി മൂന്നു സൂപ്പര്‍ സീരീസ് ഫൈനലുകളില്‍ കളിച്ചിട്ടുള്ള മറ്റു താരങ്ങള്‍.
സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ തോറ്റ ശ്രീകാന്ത്, ഇന്തൊനീഷ്യന്‍ ഓപ്പണില്‍ കിരീടം നേടിയിരുന്നു.

© 2023 Live Kerala News. All Rights Reserved.