ശബരിമലയിലെ സ്വര്‍ണക്കൊടിമരം കേടുവരുത്താന്‍ ശ്രമം; ഒഴിച്ചത് മെര്‍ക്കുറിയെന്ന് സംശയം; മനപൂര്‍വം ചെയ്ത ചതിയെന്ന് ദേവസ്വം മന്ത്രി; പൊലീസ് കേസെടുത്തു

ശബരിമല സന്നിധാനത്ത് ഇന്ന് പുനഃപ്രതിഷ്ഠ നടത്തിയ കൊടിമരത്തിലെ സ്വര്‍ണം ദ്രവിച്ചനിലയില്‍. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണ് രാസവസ്തു ഒഴിച്ച് കേടുപാടുവരുത്തിയ നിലയിലാണ് കണ്ടെത്തിയത്. മനപൂര്‍വ്വം ആരോ മെര്‍ക്കുറി ഒഴിച്ചതാണ് എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കി.
സംഭവത്തില്‍ സന്നിധാനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണ്. പ്രത്യേക ഫോറന്‍സിക് സംഘത്തെ അയക്കാമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്നിധാനത്തുണ്ട്. ഉച്ചയ്ക്ക് 1.50ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും മാറിയശേഷമാണ് സംഭവം ഉണ്ടായത് എന്നാണ് വിവരം. ഉച്ചപൂജ വരെ കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും അതു കഴിഞ്ഞ് പോകുംവഴി ആരോ മനപ്പൂര്‍വം ചെയ്തതായിരിക്കാമെന്ന് മന്ത്രി പ്രതികരിച്ചു.

ഇന്നുച്ചയ്ക്കു 11.50നും 1.40നും മധ്യേയുള്ള കന്നിരാശി മുഹൂര്‍ത്തത്തിലായിരുന്നു പ്രതിഷ്ഠ. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ തത്വഹോമം, തത്വകലശം, വാജിവാഹന വിഗ്രഹത്തിന്റെ ജലോധ്വാനം, നേത്രോന്മീലനം, ജലദ്രോണിപൂജ, കുംഭേശകല്‍ക്കരിപൂജ, ശയ്യാപൂജ, ജീവകലശപൂജ, ബ്രഹ്മകലശപൂജ, പരികലശപൂജ, അധിവാസ ഹോമം, അധിവാസ പൂജ എന്നിവ നടത്തിയാണു കൊടിമരം പ്രതിഷ്ഠിച്ചത്. ഇന്നു രാവിലെ ശയ്യയില്‍ ഉഷഃപൂജ, ധ്വജപരിഗ്രഹം, മരപ്പാണി എന്നിവ നടത്തിയാണ് പ്രതിഷ്ഠ നടത്തിയത്. ആകെ 3.20 കോടി രൂപയാണു ചെലവ്. 9.161 കിലോഗ്രാം സ്വര്‍ണമാണ് ഉപയോഗിച്ചത്.

© 2024 Live Kerala News. All Rights Reserved.