രണ്ട് ദേശസാല്‍കൃത ബാങ്ക് കൂടി ഇല്ലാതാകുന്നു; വിജയ, ദേന ബാങ്കുകള്‍ കനറ ബാങ്കിനോട് ലയിപ്പിക്കുന്നു; കേന്ദ്രം ചര്‍ച്ചകള്‍ ആരംഭിച്ചു

രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകളായ കനറ ബാങ്ക്, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയെ ലയിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായ കനറാ ബാങ്കുമായിയാണ് വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ലയിപ്പിക്കുന്നത്.
ഇതിനായുള്ള ചര്‍ച്ചകള്‍ കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം കഴിഞ്ഞാല്‍ ലയനനിര്‍ദേശം മുന്നോട്ടുവെക്കും. സ്റ്റേറ്റ് ബാങ്ക് ലയനത്തിനു പിന്നാലെ പൊതുമേഖലാ ബാങ്കുകളുടെ മറ്റൊരു വലിയ ലയനമാണ് ഇതോടെ നടപ്പാകുക.
രണ്ടുഘട്ടമായാവും ലയനം പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ താരതമ്യേന ചെറിയ ദേശസാല്‍സാല്‍കൃത ബാങ്കുകളായ വിജയയും ദേനയും തമ്മില്‍ ലയിപ്പിക്കും. രണ്ടാം ഘട്ടം ഇതിലെ കനറ ബാങ്കുയുമായി ലയിപ്പിക്കും. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ് കനറ.
ബാങ്കുകളുടെ സമൂലമായ പൊളിച്ചെഴുത്താണ് ലയനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടൊപ്പം അവയെ സ്വകാര്യവത്കരിക്കാനും, സ്വകാര്യ ബാങ്കുകളെ വിദേശവല്‍ക്കരിക്കാനുമാണ് ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ആദ്യഭാഗമായായിരുന്നു എസ്ബിഐയുടെയും അഞ്ച് അസോസിയറ്റ് ബാങ്കുകളുടെയും ലയനം.
സ്റ്റേറ്റ് ബാങ്ക് ലയനമാതൃകയില്‍ രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് അഞ്ച് കൂറ്റന്‍ ബാങ്കാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ മുഖ്യ ബാങ്കുകളായി നിലനിര്‍ത്തി മറ്റ് ബാങ്കുകളെ ഇവയിലേതെങ്കിലുമൊന്നില്‍ ലയിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നിതി ആയോഗിന് നല്‍കിയതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

പൊതുമേഖലാ ബാങ്കുകളെ പരസ്പരം ലയിപ്പിച്ച മാതൃകയില്‍ സ്വകാര്യമേഖലയിലെ ബാങ്കുകളെയും ലയിപ്പിക്കാന്‍ പദ്ധതിയുണ്ട്. സ്വകാര്യബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ പരസ്പരം ലയിക്കാന്‍ താല്‍പ്പര്യപ്പെട്ടാല്‍ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരും അനുമതി നല്‍കും. എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊടക് മഹീന്ദ്ര എന്നീ ബാങ്കുകളുമായി രാജ്യത്തെ സ്വകാര്യ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. പൊതുമേഖലയിലെ ഏറ്റവും വലിയ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറിയത് പോലെ സ്വകാര്യമേഖലയിലും ലയനത്തിലൂടെ ഒരു കൂറ്റന്‍ ബാങ്കുണ്ടാക്കുകയാണ് ലക്ഷ്യം.
ഫെഡറല്‍ ബാങ്കിനെ ലയിപ്പിക്കാനും ശ്രമങ്ങള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കാത്തലിക് സിറിയന്‍ ബാങ്കിന്റെ 51 ശതമാനം ഓഹരി കനേഡിയന്‍ കമ്പനിക്ക് നല്‍കാനുള്ള അനുമതിയും നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ മുഖാന്തരം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ബാങ്ക് വായ്പകളും ബിസിനസും പുറംകരാര്‍ വ്യവസ്ഥയിലാക്കി. ഈ ബാങ്കുകളെയെല്ലാം ഏതെങ്കിലും നവസ്വകാര്യ ബാങ്കില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.