കര്‍ണാടകയില്‍ നഴ്‌സിങ് കോളെജുകളുടെ അംഗീകാരം ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ റദ്ദാക്കി; ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

ബെഗംളുരു: കര്‍ണാടകത്തിലെ മുഴുവന്‍ നഴ്‌സിങ് കോളെജുകളുടെയും അംഗീകാരം ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍.
കര്‍ണാടകയിലെ നഴ്‌സിങ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം മാത്രം മതിയെന്ന സര്‍ക്കാര്‍ ഉത്തരവാണ് നടപടിക്ക് കാരണമായത്. ഇതോടെ മലയാളികള്‍ അടക്കമുള്ള അനേകം വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനവും ജോലിസാധ്യതയും അനിശ്ചിതത്വത്തിലായി.
ഇന്ത്യന്‍ നേഴ്‌സിങ് കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 2017-18 വര്‍ഷത്തെ നഴ്‌സിങ് പ്രവേശനത്തിന് അനുമതി നല്‍കിയ കോളെജുകളുടെ പട്ടികയുണ്ട്. ഈ പട്ടികയില്‍ കര്‍ണാടകയിലെ ഒരു കോളെജിന്റെ പേരുപോലുമില്ല. കഴിഞ്ഞ വര്‍ഷം 257 കോളേജുകളാണുണ്ടായിരുന്നത്.

സംസ്ഥാനത്തെ നഴ്‌സിങ് കോളെജുകള്‍ക്ക് കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി മെഡിക്കല്‍ സര്‍വ്വകലാശാലയുടെയും അംഗീകാരം മാത്രം മതിയെന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതോടെ കര്‍ണാകയിലെ കോളേജുകള്‍ നിബന്ധനകള്‍ പാലിക്കാതെ പ്രവേശനം നടത്തി. തുടര്‍ന്ന് അംഗീകാരം റദ്ദാക്കാന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സംസ്ഥാനത്തിന് പുറത്ത് അംഗീകാരമില്ലാത്തതാണ് വിദ്യാര്‍ത്ഥികളെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത്.
കര്‍ണാടക സര്‍ക്കാര്‍ ഇന്ത്യന്‍ നേഴ്‌സിങ് കൗണ്‍സിലുമായുള്ള തര്‍ക്കം പരിഹരിച്ച് കോളേജുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. കര്‍ണാടകയില്‍ നേഴ്‌സിങ് പഠിക്കുന്നവരില്‍ 70 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ മലയാളി വിദ്യാര്‍ത്ഥികളാണ് ഭൂരിഭാഗവും. പലരും ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് പഠനം നടത്തുന്നത്.

© 2024 Live Kerala News. All Rights Reserved.