രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ വിധിച്ച് കര്‍ണാടക നിയമസഭ; എംഎല്‍എമാര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന് അസാധാരണ നടപടി

ബംഗളൂരു: രണ്ട് വര്‍ഷം മുന്‍പ് എംഎല്‍എമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ് ശിഷ വിധിച്ച് കര്‍ണാടക നിയമസഭ. രണ്ടു കന്നഡ ടാബ്ലോയ്ഡ് പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്കാണ് നിയമസഭ ഒരുവര്‍ഷം തടവ് ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചത്.
‘ഹായ് ബാംഗ്ലൂര്‍’ എഡിറ്റര്‍ രവി ബോലഗെരെ, ‘യെലഹങ്ക വോയ്‌സ്’ എഡിറ്റര്‍ അനില്‍ രാജ് എന്നിവര്‍ക്കെതിരെയാണു നടപടി. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കേണ്ടിവരും. കര്‍ണാടക നിയമസഭ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വര്‍ഷം തടവ് ശിക്ഷ വിധിക്കുന്നത്.

എംഎല്‍എ മാരുടെ പരാതിയെ തുടര്‍ന്ന് അസംബ്ലി ചുമതലപ്പെടുത്തിയ പ്രിവിലേജ് കമ്മറ്റിയുടെ നിര്‍ദേശം കര്‍ണാടക നിയമസഭ ശരിവെക്കുകയായിരുന്നു. അപകീര്‍ത്തികരമായ ലേഖനങ്ങളിലൂടെ നിയമസഭാ സമാജികരുടെ പ്രത്യേകാവകാശം ലംഘിച്ചതായി പ്രിവിലേജ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കര്‍ണാടക നിയമസഭാ സ്പീക്കര്‍ കെ.ബി കോളിവാദ് ആണ് ശിക്ഷ വിധിച്ചത്. 2014 സെപ്തംബറില്‍ ഇവര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ എംഎല്‍എമാരെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് എംഎല്‍എമാരായ കെ.ബി.കൊളീവാഡും ബി.എം.നാഗരാജും ‘ഹായ് ബാംഗ്ലൂരി’ല്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ സ്പീക്കര്‍ക്കു പരാതി നല്‍കിയിരുന്നു. യെലഹങ്കയില്‍ നിന്നുള്ള ബിജെപി എംഎല്‍എ എസ്.ആര്‍.വിശ്വനാഥ് ‘യെലഹങ്ക വോയ്‌സി’നെതിരെ ഈ വര്‍ഷമാണു പരാതി നല്‍കിയത്. 2014ല്‍ പരാതി നല്‍കിയ കോളീവാഡ് ആണ് ഇപ്പോള്‍ കര്‍ണാടക സ്പീക്കര്‍.
2003 ല്‍ ഡയലളിത മുഖ്യമന്ത്രിയായിരിക്കെ ദ ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ അടക്കം നാല് മാധ്യമപ്രവര്‍ത്തകരെ ഡി.എം,കെ മുഖപത്രമായ ‘മുരശൊലി’യുടെ എഡിറ്ററെയും 15 ദിവസത്തേക്ക് ശിക്ഷിച്ചിരുന്നു. ശിക്ഷ പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തു.

© 2023 Live Kerala News. All Rights Reserved.