ശക്തിപ്രകടനമായി എന്‍ഡിഎയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം; മോഡിക്കൊപ്പം അദ്വാനിയും; പിന്തുണയ്ക്കുന്ന കക്ഷിനേതാക്കളേയും ഒപ്പം നിര്‍ത്തി

ന്യൂഡല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പാര്‍ലമെന്ററി ഹൗസില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷ, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ സാന്നിദ്യത്തിലാണ് രാംനാഥ് കോവിന്ദ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎയുടെ ശക്തി പ്രകടനത്തിന് ശേഷമായിരുന്നു പത്രിക സമര്‍പ്പണം
കോവിന്ദിന് വേണ്ടി നാല് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. ഇതില്‍ ഒന്നില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങുമാണ് കോവിന്ദിന്റെ പേര് നിര്‍ദേശിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്കു പുറമെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും പത്രിക സമര്‍പ്പണത്തിന് എത്തി. ചടങ്ങില്‍ തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സാമി, ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ എന്നിവരും പങ്കെടുത്തു.
നിലവില്‍ എന്‍ഡിഎയ്ക്ക് അറുപത് ശതമാനത്തിലധികം വോട്ട് വിഹിതമുണ്ട്. കോവിന്ദ് അനായാസം ജയിക്കുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. നിതീഷ്കുമാറിന്‍റെ ജെഡിയു രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും ചടങ്ങില്‍ നേതാക്കളാരും എത്തിയിട്ടില്ല. മീരാ കുമാറിനെ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയ സാഹചര്യത്തില്‍ പിന്തുണ പിന്‍വലിക്കണമെന്ന് ആര്‍ജെഡി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ജെഡിയു നേതാവ് നിതീഷ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തും. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മീരാ കുമാര്‍ നാളെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.