മോഡി വിളിച്ചതോടെ പളനിസാമി പിന്തുണ പ്രഖ്യാപിച്ചു; എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് അണ്ണാഡിഎംകെ അമ്മയുടെ വോട്ട്

ന്യൂ ഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസാമിയുടെ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില്‍ വിളിച്ചതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാമെന്ന് അണ്ണാഡിഎംകെ അമ്മ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും പിന്തുണയറിയിച്ച് ഒപ്പമുണ്ടാകും. ഇന്ന് വൈകുന്നേരത്തോടെ പളനിസാമി ഡല്‍ഹിയിലെത്തും.
നരേന്ദ്ര മോഡി ഫോണില്‍ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടതോടെയാണ് അണ്ണാഡിഎംകെ അമ്മ വിഭാഗം രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കാമെന്ന് അറിയിച്ചത്. എംഎല്‍എമാരും എംപിമാരും മന്ത്രിമാരും തമ്മില്‍ കൂടിയാലോചന നടത്തിയതിന് ശേഷമാണ് പിന്തുണ പ്രഖ്യാപിച്ചത്. ഐകകണ്‌ഠേനെയാണ് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് പളനിസാമി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
പരപ്പന അഗ്രഹാര ജയിലില്‍ ശശികലയെ കാണാന്‍ പോയ ടിടിവി ദിനകരന്‍ പറഞ്ഞത് ശശികലയാണ് പിന്തുണയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നാണ്. ഇതിന് പിന്നാലെയാണ് പളനിസാമി എന്ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചത്.

പ്രതിപക്ഷ ഐക്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രതിപക്ഷം ഇന്ന് യോഗം ചേരുന്നുണ്ട്. ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാവും.

© 2023 Live Kerala News. All Rights Reserved.