‘ഫസല്‍ വധത്തിലെ കണ്ടെത്തലുകള്‍ 12 വര്‍ഷത്തെ ഗവേഷണ ഫലം’; പൊലീസിനെ ആര്‍ക്കും കെട്ടിയിട്ട് അടിക്കാനാകില്ലെന്ന് ഡിവൈഎസ്പി സദാനന്ദന്‍

കണ്ണൂര്‍: പൊലീസിനെ ആര്‍ക്കും കെട്ടിയിട്ട് അടിക്കാനാകില്ലെന്ന് കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍. ഫസല്‍ വധക്കേസില്‍ പൊലീസ് നടത്തിയ പുതിയ കണ്ടെത്തലുകള്‍ ശരിയാണ്. 12 വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമാണ് പുതിയ കണ്ടെത്തലുകള്‍. എല്ലാത്തിനും ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ട്. കണ്ടെത്തലുകള്‍ ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.സത്യം ഒരിക്കല്‍ തെളിയും, പ്രതികള്‍ക്ക് തൂക്കുകയര്‍ ലഭിക്കാവുന്ന കുറ്റമാണിത്. പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിലാണ് ഡിവൈഎസ്പിയുടെ പരാമര്‍ശങ്ങള്‍.

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സൂബീഷിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ ഡിവൈഎസ്പിമാരായ സദാനന്ദനും, പ്രിന്‍സിനുമെതിരെ കെ സുരേന്ദ്രന്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. എടോ സദാനന്ദാ പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെ. മൈന്‍ഡ് ഇറ്റ് എന്നാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്. ഇതിന് പരോക്ഷ മറുപടിയാണ് ഡിവൈഎസ്പിയുടെ പ്രസംഗം.

© 2022 Live Kerala News. All Rights Reserved.