ജസ്റ്റിസ് കര്‍ണന്റെ ശിക്ഷ റദ്ദ് ചെയ്യില്ലെന്ന് സുപ്രീം കോടതി; കോടതിയലക്ഷ്യത്തിന് ആറ് മാസം തടവില്‍ കഴിയണം

കോടതിയലക്ഷ്യ കേസില്‍ അറസ്റ്റിലായ ജസ്റ്റിസ് കര്‍ണന്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി. ആറ് മാസം തടവെന്നത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കര്‍ണന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. എന്നാല്‍ ശിക്ഷ റദ്ദ് ചെയ്യാനാവില്ലെന്നും വേനല്‍ അവധിക്ക് ശേഷം സുപ്രീം കോടതി ചേരുമ്പോള്‍ 7 അംഗ ജഡ്ജ് പാനിലിന് മുന്നില്‍ കേസുമായി വീണ്ടുമെത്താമെന്നും കോടതി പറഞ്ഞു.
നിലവില്‍ ജയിലില്‍ തന്നെ കര്‍ണന്‍ തുടരണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ചൊവ്വാഴ്ചയാണ് കര്‍ണനെ അറസ്റ്റ് ചെയ്തത്. കൊല്‍ക്കൊത്ത പൊലീസ് കര്‍പഗം കോളേജിനടുത്തുള്ള റിസോര്‍ട്ടില്‍ നിന്നാണ് കര്‍ണനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കര്‍ണന്‍ തങ്ങുന്ന സ്ഥലം പൊലീസ് കണ്ടെത്തിയതെന്നാണ് സൂചന. ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി തടവ് ശിക്ഷക്ക് വിധിക്കപ്പെടുന്നത്. അസാധാരണമായ സാഹചര്യമാണ് സിറ്റിങ് ജഡ്ജിയും സുപ്രീം കോടതിയും തമ്മിലുണ്ടായ തര്‍ക്കം മൂലം സൃഷ്ടിക്കപ്പെട്ടത്.
നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് കര്‍ണന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും 20 ജഡ്ജിമാരെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു കത്ത്. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദളിതനായതിനാല്‍ ജുഡീഷ്യറിയില്‍ താന്‍ വിവേചനം നേരിടുന്നുവെന്നും നേരത്തെ ജസ്റ്റിസ് കര്‍ണ്ണന്‍ ആരോപിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.