ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കില്ല; പൊലീസിന് പ്രത്യേക നിയമോപദേശം

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കെതിരെ കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തീരുമാനമെടുത്തത്. രണ്ട് ദിവസത്തിനകം കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിയ്ക്കും. ജീവന് ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പേരില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാല്‍ യുവതിക്കെതിരെ പ്രത്യേക കേസെടുക്കേണ്ടെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യമൊഴിയും പുതിയ വെളിപ്പെടുത്തലും രണ്ട് ഭാഗങ്ങളായി തിരിച്ചാല്‍ മതിയെന്നും നിയമോപദേശത്തിലുണ്ട്.
നിലവില്‍ ഗംഗേശാനന്ദയ്‌ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ കാമുകനെന്ന് പറയപ്പെടുന്ന അയ്യപ്പദാസിനെതിരെയും യുവതിക്കെതിരേയും കേസെടുക്കുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചാണ് തീരുമാനമെടുക്കേണ്ടത്.

© 2024 Live Kerala News. All Rights Reserved.