ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍; പിടിയിലാകുന്നത് ഒന്നരമാസത്തെ ഒളിവ് ജീവിതത്തിന് ശേഷം

ചെന്നൈ: ഒന്നരമാസത്തെ ഒളിവ് ജീവിതത്തിന് ശേഷം ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി. സുപ്രീം കോടതിയുടെ ശിക്ഷാവിധിപ്രകാരമാണ് അറസ്റ്റ്.
കൊല്‍ക്കൊത്ത പൊലീസ് കര്‍പഗം കോളേജിനടുത്തുള്ള റിസോര്‍ട്ടില്‍ നിന്നാണ് കര്‍ണനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത കര്‍ണനെ ഇന്ന് തന്നെ മുംബൈയിലെത്തിക്കും. മൊബൈല്‍ നെറ്റ്‌വര്‍ക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കര്‍ണന്‍ തങ്ങുന്ന സ്ഥലം പൊലീസ് കണ്ടെത്തിയതെന്നാണ് സൂചന.
ആറ് മാസം തടവിനാണ് സുപ്രീം കോടതി വിധിച്ചത്. ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി തടവ് ശിക്ഷക്ക് വിധിക്കപ്പെടുന്നത്. കോടതിയലക്ഷ്യക്കേസിലായിരുന്നു കല്‍ക്കട്ട ജഡ്ജിയായിരുന്ന കര്‍ണനെതിരെ സുപ്രീം കോടതി നടപടിയെടുത്തത്.
ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. വിധിക്ക് ശേഷം ഒളിവില്‍ പോയിരിക്കുന്ന ജസ്റ്റിസ് കര്‍ണനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് കര്‍ണന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും 20 ജഡ്ജിമാരെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു കത്ത്. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദളിതനായതിനാല്‍ ജുഡീഷ്യറിയില്‍ താന്‍ വിവേചനം നേരിടുന്നുവെന്നും നേരത്തെ ജസ്റ്റിസ് കര്‍ണ്ണന്‍ ആരോപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.