കൊച്ചി പുതുവൈപ്പിനിലെ സമരക്കാര്‍ക്ക് നേരെ ഹൈക്കോര്‍ട്ട് ജംക്ഷനില്‍ യതീഷ്ചന്ദ്ര നടത്തിയത് നരനായാട്ട് തന്നെയെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വിവിധ ചാനലുകളുടെ നിരവധി ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടും ഡിസിപി യതീഷ് ചന്ദ്ര ചെയ്തതില്‍ തെറ്റില്ലെന്നാണ് ഡിജിപി ഇന്നലെയും വ്യക്തമാക്കിയത്. പുതുവൈപ്പിലെ ഐഒസിയുടെ പാചകവാതക സംഭരണശാലയ്‌ക്കെതിരെ ഹൈക്കോര്‍ട്ട് ജംക്ഷനില്‍ നടക്കുന്ന സമരവേദിയിലേക്ക് എത്തിയപ്പോളായിരുന്നു സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ക്കെതിരെ യതീഷ് ചന്ദ്ര തന്റെ കലി തീര്‍ത്തത്. ജൂണ്‍ 16നായിരുന്നു അഞ്ഞൂറോളം വരുന്ന സമരക്കാര്‍ ഹൈക്കോര്‍ട്ട് ജംക്ഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് നിശ്ചിത സ്ഥലം എത്തുംമുന്നെ പൊലീസ് തടഞ്ഞു. സമരത്തിനായി ഹൈക്കോര്‍ട്ടിലേക്ക് എത്തിയിരുന്ന മറ്റൊരു സംഘത്തെ ബോള്‍ഗാട്ടി ജംക്ഷനിലും തടഞ്ഞു. തുടര്‍ന്നായിരുന്നു പ്രതിഷേധ സ്ഥലത്തേക്ക് ഡിസിപി യതീഷ് ചന്ദ്രയും ഒരു സംഘം പൊലീസുകാരും എത്തി കണ്ണില്‍ കണ്ടവരെയെല്ലാം തല്ലിയോടിക്കുന്നത്. കുട്ടികളുമായി സമരത്തിന് യുവാവിന്റെ കഴുത്തിന് പിടിച്ചാണ് യതീഷ് ചന്ദ്ര മുന്നോട്ട് വലിച്ച് നീക്കുന്നത്. സാമൂഹിക പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ സി.ആര്‍ നീലകണ്ഠനോടും രോഷം പ്രകടിപ്പിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്ന യതീഷ് ചന്ദ്ര പിന്നീട് കണ്ണില്‍ കണ്ടവരെയെല്ലാം തല്ലി നീക്കുന്നുമുണ്ട്.