അവധി നീട്ടിയില്ല; രണ്ടര മാസത്തിനുശേഷം ജേക്കബ് തോമസ് തിരിച്ചെത്തി; ഇനി ഐഎംജി ഡയറക്ടര്‍; ആഭ്യന്തര വകുപ്പ് ഉത്തരവ് കൈമാറും

രണ്ടരമാസത്തെ അവധിക്കുശേഷം ഡിജിപി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പുതിയ ചുമതലയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഐഎംജി ഡയറക്ടറായിട്ടാണ് അദ്ദേഹത്തിന്റെ പുതിയ ചുമതല. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് കൈമാറും.
അവധി അവസാനിപ്പിച്ച് തിരിച്ച് എത്തിയാല്‍ തന്റെ സ്ഥാനം ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിന്റെ അവധി ഇന്നാണ് അവസാനിക്കുന്നത്.
വിജിലന്‍സ് ഡയറക്ടറായിരിക്കെ സസ്പെന്‍ഡ് ചെയ്യണമെന്ന് താന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപി ആയിരിക്കുമ്പോള്‍ എങ്ങനെ അവിടേക്ക് മടങ്ങുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരുമായുളള നിയമപോരാട്ടം വിജയിച്ചതോടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് സെന്‍കുമാര്‍ മടങ്ങി എത്തിയതോടെ ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.