പനി പടരുന്നു, മരണം കൂടുന്നു: ‘ആരോഗ്യവകുപ്പ് സമ്പൂര്‍ണ പരാജയം’; മുഖ്യമന്ത്രിയെ കണ്ട് നടപടി ആവശ്യപ്പെട്ട് ചെന്നിത്തല; സമരത്തിനില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ടു. സംസ്ഥാനത്ത് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയവ പടര്‍ന്നു പിടിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യവകുപ്പിനാണെന്നും പകര്‍ച്ചവ്യാധികള്‍ തടയുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് പൂര്‍ണ പരാജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമരം നടത്താന്‍ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ലെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പനി പടരുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുക എന്നും രമേശ് ചെന്നിത്തല അറിയിച്ചു. പനി പടര്‍ന്നു പിടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാനും ആരോഗ്യ മന്ത്രിയ്ക്കും സെക്രട്ടറിയ്ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കാനും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ പനി ബാധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച്ച ഒമ്പത് പേര്‍ കൂടി മരിച്ചു. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലും ഡെങ്കിപ്പനി പടരുകയാണ്. ശനിയാഴ്ച്ചമാത്രം സ്ംസ്ഥാനത്ത് 18,873 പേര്‍ പകര്‍ച്ചപ്പനിയ്ക്ക് ചികിത്സ തേടിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.

© 2022 Live Kerala News. All Rights Reserved.