തേജസ് എക്സ്പ്രസില്‍ മാത്രമല്ല മറ്റു ട്രെയിനുകളിലും വരും ആധുനിക സൗകര്യങ്ങള്‍: പുതുക്കിപ്പണിയുന്നത് നാല്‍പതിനായിരം കോച്ചുകള്‍

ന്യൂഡല്‍ഹി: ട്രെയിനുകളിലെ പഴകിയ നാല്‍പതിനായിരം കോച്ചുകള്‍ പുതുക്കിപ്പണിയാന്‍ റെയില്‍വെയുടെ തീരുമാനം. കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവാണ് യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താന്‍ പുതിയ പ്രോജക്ട് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. മാറ്റി സ്ഥാപിക്കുന്ന കോച്ചുകള്‍ അത്യാധുനിക സൗകര്യങ്ങളുള്ളതായിരിക്കുമെന്ന് റെയില്‍വെ മന്ത്രി അറിയിച്ചു.
എല്‍ഇഡി ലൈറ്റ്, ആന്റി ഗ്രാഫിറ്റി പെയിന്റ്, സ്‌മോക്ക് അലാം സിസ്റ്റം, ആധുനിക സുരക്ഷാ സൗകര്യങ്ങല്‍ ഉള്‍പ്പെടെ ഒരുക്കിയായിരിക്കും കോച്ചുകള്‍ പുതുക്കിപ്പണിയുക. പരമ്പരാഗത രീതിയിലുള്ള ഇന്റീരിയറില്‍ നിന്നും വ്യത്യാസപ്പെട്ടതായിരിക്കും പുതിയ ഇന്റിരീയര്‍.
കോടികള്‍ ചിലവാക്കിയുള്ള പദ്ധതി 2022-2033 വര്‍ഷമാകുമ്പോഴേക്കും പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. ഒരു കോച്ച് മാറ്റി സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. കോച്ച് റീഹാബിലിറ്റേഷന്‍ വര്‍ക്ക് ഷോപ്പിന്റെ നേതൃത്വത്തില്‍ ഇതിനോടകം 55 കോച്ചുകള്‍ പുതുക്കിപ്പണിതുവെന്ന് റെയില്‍വേ അറിയിച്ചു. വാരണാസി മുതല്‍ ന്യൂഡല്‍ഹി വരെ പോകുന്ന മഹാത്മ എക്‌സ്പ്രസിന്റെ കോച്ചുകളാണ് പുതുക്കി പണിതത്.

പുതുക്കിപ്പണിയുന്ന കോച്ചുകളില്‍ കുടുതല്‍ പ്ലഗ് പോയിന്റുകള്‍ ഉണ്ടായിരിക്കും. ബയോ ടോയിലറ്റ്, പാസഞ്ചര്‍ അഡ്രസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയും ഉണ്ടാകും. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കോടികള്‍ ചിലവ് വരുന്ന വന്‍ പ്രോജക്ട് ആരംഭിക്കാന്‍ റെയില്‍വെ തീരുമാനിച്ചത്.

© 2024 Live Kerala News. All Rights Reserved.