ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് സ്വയംഭരണം; ഐഐഎംസിയെ ജാമിയയിലോ ജെഎന്‍യുവിലോ ലയിപ്പിക്കും; ഒട്ടോണമസ് പദവി നല്‍കാന്‍ സര്‍ക്കാരിന്റെ രൂപരേഖ

രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം സ്വയംഭരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപരേഖ തയ്യാറാക്കി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സത്യജിത് റേയ് ഫിലിം ആന്റ് ടെലിവിഷന്‍, ഡല്‍ഹി പബ്ലിക്ക് ലൈബ്രറി എന്നിവയ്ക്ക് സ്വയംഭരണം അനുവദിക്കും. രാജ്യത്തെ പ്രമുഖ മാധ്യമപഠന സ്ഥാപനമായ ഐഐഎംസിയെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയോ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയോ ആയി ലയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സ്വയംഭരണാവകാശമുള്ള 679 സ്ഥാപനങ്ങളുടെ ആദ്യ ഘട്ട അവലോകനത്തിലാണ് തീരുമാനം.
സ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകനത്തിനായി സ്ഥാപിച്ച സമിതി ജനുവരിയിലാണ് പ്രക്രിയ ആരംഭിച്ചത്. 114 സ്ഥാപനങ്ങളുടെ അവലോകനം പൂര്‍ത്തിയാക്കി. 42 സ്ഥാപനങ്ങളെ മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ക്കാനാണ് നിലവിലെ തീരുമാനം. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥര്‍, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവ ഉള്‍പ്പെടുന്നതാണ് അവലോകന സമിതി. നിലവില്‍ 68 മന്ത്രാലങ്ങള്‍ക്കും വകുപ്പുകള്‍ക്കും കീഴിലുള്ള 679 സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി 72,206 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് 2017-18 ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്.
വിവിധ വകുപ്പുകള്‍ക്ക് കീഴിലായതിനാല്‍ ഇവ പലപ്പോഴും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ഇവയ്ക്ക് സ്വയംഭരണ അവകാശം നല്‍കുന്നത്. 24 സ്ഥാപനങ്ങളെ കോര്‍ത്തിണക്കി ഒരു പൊതു സ്ഥാപനം രൂപീകരിക്കും. 11 സ്ഥാപനങ്ങളെ മറ്റ് സ്ഥാപനങ്ങളില്‍ ലയിപ്പിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസേര്‍ച്ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് എന്നീ സ്ഥാപനങ്ങളെ ജെഎന്‍യുയോ, ഐസിഎസ്എസ്ആറുമായോ ലയിപ്പിക്കും. ന്യൂ ഡല്‍ഹിയിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് സിന്ദി ലാന്‍ഗ്വേജിനെ മൈസൂര്‍ യൂണിവേഴ്സിറ്റിയോ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഇന്ത്യന്‍ ലാന്‍ഗ്വേജുമായോ ലയിപ്പിക്കും.

നിലവില്‍ ഇവ മാനവവിഭവ ശേഷി മന്ത്രാലത്തിന് കീഴിലാണ്. ന്യൂ ഡല്‍ഹിയിലെ നാഷണല്‍ കൌണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉറുദു ലാന്‍ഗ്വേജിനെ മൌലാന ആസാദ് നാഷണല്‍ ഉറുദു സര്‍വ്വകലാശാലയോ, ജാമിയാ മിലിയ ഇസ്മാലിയ സര്‍വ്വകലാശാലയോ ആയി ബന്ധിപ്പിക്കും. ദ മൌലാന ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസിനെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ ലയിപ്പിക്കും. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയെ, ഫിലിം ഡിവിഷനില്‍ ലയിപ്പിക്കും.

© 2024 Live Kerala News. All Rights Reserved.