‘ഗോവ ഫോര്‍ ബീഫ്, ബീഫ് ഫോര്‍ ഗോവ’; കേന്ദ്ര ഉത്തരവിനെതിരെ പൊരുതാന്‍ കൂട്ടായ്മയുമായി ഗോവയിലെ ക്രിസ്ത്യന്‍- മുസ്ലിം വ്യാപാര സംഘടനകള്‍

ഗോവ : കശാപ്പിനായുള്ള കന്നുകാലി വില്‍പന നിയന്ത്രിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ഗോവയിലെ ക്രിസ്തീയ സഭയും മുസ്ലിം സംഘടനകളും വ്യാപാര സംഘടനകളും ഒന്നിക്കുന്നു. ‘ഗോവ ഫോര്‍ ബീഫ്, ബീഫ് ഫോര്‍ ഗോവ’ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. റോമന്‍ കത്തോലിക്ക സഭ, മുസ്ലിം സമുദായ സംഘടനകള്‍, മാംസ വ്യാപാരികളുടെ സംഘടന എന്നിവ ഉള്‍പ്പെടുന്ന കൂട്ടായ്മയാണിത്.
ആദ്യപടിയായി ഖുറേഷി മീറ്റ് ട്രെഡേര്‍സ് എന്ന സംഘടന, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ടൂറിസം മാംസ വില്‍പന രംഗത്തെ ഉത്തരവ് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി, ഉത്തരവിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. മനോഹര്‍ പരീക്കരുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൌനം തുടരുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഉത്തരവ് വന്നതിന് പിന്നാലെ ഗോവ-കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് കന്നുകാലികളെ കൊണ്ട് വന്ന വാഹനങ്ങള്‍ തടഞ്ഞിരുന്നു.
പുതുയായി അധിരാരമേറ്റ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൌനം തുടരുകയാണ് എന്ന് കൂട്ടായ്മയിലെ മുസ്ലിം പ്രതിനിധി അബ്ദുല്‍ മാട്ടിന്‍ ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുമ്പോഴും, കത്ത് എഴുതുമ്പോഴും, സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തുടരുന്ന മൗനത്തില്‍ ഞങ്ങള്‍ നിരാശരാണെന്ന് അദ്ദേഹം പറഞ്ഞു.
ബലിനല്‍കുന്നതിനായുള്ള കശാപ്പും നിരോധിച്ചത്, വരുന്ന ബക്രീദില്‍ തങ്ങളെ ബാധിക്കുമെന്ന് ഖുറേഷി മാംസ വ്യാപാരികളുടെ സംഘടനാ പ്രതിനിധി അന്‍വര്‍ ബേപാരി മാധ്യമങ്ങളോട് പറഞ്ഞു
കന്നുകാലികളുമായി കാണുന്നവരെ ആളുകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ കര്‍ഷകരില്‍ നിന്ന് കാലികളെ വാങ്ങാനാവില്ല. പ്രശ്ന പരിഹാരത്തിനായി ഞങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഒട്ടെറേ തൊഴില്‍ മേഖലയെ ബാധിക്കുന്ന ഒരു ഉത്തരാവാണിത്.
അന്‍വര്‍ ബേപാരി, ഖുറേഷി മീറ്റ് ട്രെഡേര്‍സ് അസ്സോസിയേഷന്‍

കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം അവകാശങ്ങള്‍ക്ക് എതിരെയുള്ള കയ്യേറ്റമാണെന്ന് കൂട്ടായ്മയുടെ കോ-കണ്‍വീനറായ ഫാ.സാവിയോ ഫെര്‍ണാഡസ് പറഞ്ഞു.
ഇത്രയും കാലം ഞങ്ങള്‍ മിണ്ടാതിരുന്നു. പക്ഷേ ഇപ്പോള്‍ ഈ കൂട്ടായ്മ ആവശ്യമായിരിക്കുകാണ്. ഇത് മതത്തിന് അതീതമായ ഒരു കൂട്ടായ്മയാണ്. തൊഴിലിനെ ബാധിക്കുന്ന ഒരു പ്രശ്നമാണിത്. ഇത് രാജ്യത്തിന്റെ മതേത്വത്തിന് നേരെയുള്ള ആക്രമണമാണ്. ഇതിന് എതിരെ മതത്തിന് അധീതമായി ഒന്നിക്കേണ്ടത് അനിവാര്യമാണ്. ഗോവയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമായിരുന്നത് ബീഫ് വിഭവങ്ങളാണ്. പല പരമ്പരാഗത ആഹാരങ്ങളും ബീഫ് വിഭവങ്ങളാണ്. പ്രശ്നമുണ്ടാകേണ്ട എന്ന് കരുതി ബീഫ് വിഭവങ്ങില്ലെന്ന് ഹോട്ടലുകള്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് തുടങ്ങി.
ഫാ.സാവിയോ ഫെര്‍ണാഡസ്, കോ-കണ്‍വീനര്‍, ഗോവ ഫോര്‍ ബീഫ്, ബീഫ് ഫോര്‍ ഗോവ
ജുണ്‍ ഒന്നിന് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.