കേന്ദ്ര സര്‍ക്കാര്‍ സഹായിക്കില്ല; കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ സ്വയം തുക കണ്ടെത്തണമെന്ന് അരുണ്‍ ജെയ്റ്റ്ലി

കാര്‍ഷിക വായ്പ്പ് എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ ഇതിനായുള്ള തുക സ്വയം കണ്ടെത്തണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അരുണ്‍ ജയ്റ്റ്‌ലി ഇങ്ങനെ പ്രതികരിച്ചത്.
കിട്ടാക്കടങ്ങളും, നിഷ്‌ക്രിയാസ്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുമേഖല ബാങ്കുകളുമായി അരുണ്‍ ജയ്റ്റ്‌ലി നേരത്തെ ചര്‍ച്ചചെയ്തിരുന്നു. രാജ്യത്തെ കിട്ടാക്കടത്തിന്റെ കണക്ക് 6 ലക്ഷം കോടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ക്ക് അരുണ്‍ ജയ്റ്റ്‌ലി മുന്‍കൈ എടുത്തത്. ഇതില്‍ ഭൂരിഭാഗവും വന്‍കിട കോര്‍പ്പറേറ്റുകളുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനങ്ങള്‍ തന്നെ കാര്‍ഷിക വായ്പ് എഴുതിതള്ളാനുള്ള ഉറവിടം കണ്ടെത്തണമെന്ന് പറഞ്ഞതോടു കൂടി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമായിരിക്കുകയാണ്. മഹാരാഷ്ട്രയ്ക്ക് പുറമെ ഉത്തര്‍പ്രദേശ് സര്‍ക്കാരും കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കൃഷി നാശം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലക്കുറവ്, കടക്കെണി തുടങ്ങിയ പ്രശ്‌നങ്ങളില്‍പ്പെട്ടുഴറുന്ന മഹാരാഷ്ട്രയിലെ കര്‍ഷകര്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരത്തിലായിരുന്നു. ഈ വര്‍ഷം മാത്രം മഹാരാഷ്ട്രയില്‍ 1400 ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകള്‍. മധ്യപ്രദേശിലും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക പ്രക്ഷോഭം നടക്കുകയാണ്. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ കര്‍ഷകര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.

© 2023 Live Kerala News. All Rights Reserved.