ബോട്ടിലിടിച്ച പനാമ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി; ‘ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്’

കൊച്ചി തീരത്ത് മല്‍സ്യബന്ധന ബോട്ടിലിടിച്ച് രണ്ട് മല്‍സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ പനാമ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി. ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രേഖകള്‍ പിടിച്ചെടുത്ത് സൂക്ഷിക്കണമെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന് നിര്‍ദേശം നല്‍കിയത്. അപകടത്തില്‍ മരിച്ച മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പനാമ രജിസ്‌ട്രേഷനിലുള്ള ആംബര്‍ എന്ന കപ്പലിലെ ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാനാണ് ഷിപ്പിംഗ് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണ് ആംബര്‍ പിടിച്ചെടുത്തത്. തുറമുഖത്ത് എത്തിക്കുമെന്ന് അറിയിച്ച കപ്പല്‍ പോര്‍ട്ട് ട്രസ്റ്റിലാണ് എത്തിച്ചത്. വലിയ കപ്പലായതിനാലാണ് പോര്‍ട്ട് ട്രസ്റ്റിലേക്ക് കൊണ്ടുപോയതെന്ന് കമ്മീഷണര്‍ അറിയിച്ചിരുന്നു.
കപ്പലിന്റെ ക്യാപ്റ്റനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. മാരി ടൈം ലോ പ്രകാരമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടിനെ കപ്പല്‍ ഇടിക്കുന്നത്. നങ്കൂരമിട്ട് കിടക്കുകയായിരുന്ന ബോട്ടില്‍ വന്ന് കപ്പല്‍ ഇടിച്ചാണ് അപകടം. ബോട്ടിനുളളില്‍ ആകെ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 11 പേരെയും സെന്റ് ആന്റണീസ് എന്ന മറ്റൊരു ബോട്ടിലെത്തിയവര്‍ രക്ഷിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. തമിഴ്നാട് സ്വദേശിയായ തമ്പിദുരൈ, അസം സ്വദേശി രാഹുല്‍ എന്നിവരാണ് മരണമടഞ്ഞത്.

© 2024 Live Kerala News. All Rights Reserved.