ഖത്തറിനെതിരെ നിലപാട് കടുപ്പിച്ച് യുഎഇ; വ്യോമമാര്‍ഗം അടച്ചു; ഖത്തറിലേക്ക് ഒരു വിമാനവും യുഎഇ വഴി കടത്തി വിടില്ല

ദോഹ: ഖത്തറിനെ ഒറ്റപ്പെടുത്തിയ അറബ് രാജ്യങ്ങള്‍ ഉപരോധം കടുപ്പിക്കുന്നു. യുഎഇ ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം പൂര്‍ണമായും അടച്ചു. ഖത്തറിലെ വിമാനങ്ങള്‍ക്ക് പുറമേ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങളും യുഎഇ വ്യോമമേഖല വഴി ഖത്തറിലേക്ക് കടത്തിവിടില്ലെന്ന് പ്രഖ്യാപിച്ചു. തലകുനിക്കില്ലെന്നും ഒരു ഉപരോധത്തിലും തളരില്ലെന്നുമുള്ള ഖത്തറിന്റെ നിലപാടിന് പിന്നാലെയാണ് വ്യോമഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തി യുഎഇ കടുത്ത നടപടികളിലേക്ക് കടന്നത്. ഖത്തറിലേക്കുള്ള തപാല്‍ ഇടപാടും യുഎഇ നിര്‍ത്തലാക്കി.
നേരത്തെ ഖത്തറിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പിന്തുണ അറിയിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിരുന്നു ബഹ്‌റിന്‍. തീവ്രവാദത്തേയും ഭീകരവാദത്തേയും പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് ഖത്തറിന് സൗദി അറേബ്യയും, യുഎഇയും, ബഹ്‌റിനും, ഈജിപ്തും എത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നീതീകരിക്കാനാവാത്തതുമാണെന്ന് ഖത്തര്‍ തിരിച്ചടിച്ചിരുന്നു. യെമനും മാല്‍ഡീവ്‌സും പിന്നാലെ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചു.
വിമാനമാര്‍ഗങ്ങളടക്കം അടച്ച് ഖത്തറിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് യുഎഇ അടക്കം ശ്രമിക്കുന്നത്.

യുഎഇയുടെ വ്യോമമാര്‍ഗം അടയ്ക്കല്‍ ഇന്ത്യന്‍ വിമാനങ്ങളേയും ബാധിക്കും. ദോഹയിലേക്കുള്ള വിമാനങ്ങള്‍ ഇനി ഇറാന്‍ അതിര്‍ത്തി വഴി സഞ്ചരിക്കേണ്ടി വരും. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷാഭീഷണി ഇല്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിലേയും യുഎഇയിലെയും ചര്‍ച്ചകള്‍ക്ക് ശേഷം ബുധനാഴ്ച രാത്രി ദോഹയിലെത്തിയ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് ഖത്തര്‍ അമൂറുമായി ചര്‍ച്ച നടത്തി. എത്രയും വേഗം പ്രശ്‌നം പരിഹരിക്കാന്‍ കുവൈറ്റ് മുന്‍കൈയെടുക്കുന്നുണ്ട്.