‘നീതീകരിക്കാനാവാത്ത നിലപാട്, രാജ്യത്തിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കം’; നയതന്ത്ര ബന്ധം വിച്ഛേദിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെ വിമര്‍ശിച്ച് ഖത്തര്‍

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുടേയും ഈജിപ്തിന്റേയും യെമന്റേയും നടപടിയെ ശക്തമായി വിമര്‍ശിച്ച് ഖത്തര്‍. രാജ്യത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ഇത് പരമാധികാര രാജ്യമായ ഖത്തറിനുമേലുള്ള കടന്നുകയറ്റമാണെന്നും ദോഹ പ്രതികരിച്ചു. നീതീകരിക്കാനാവാത്ത നിലപാടാണ് ജിസിസി രാജ്യങ്ങള്‍ കൈക്കൊണ്ടതെന്നും ഉയര്‍ത്തിവിടുന്നത് അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങളാണെന്നും ഖത്തര്‍ തിരിച്ചടിച്ചു.
ഖത്തര്‍ വിദേശ മന്ത്രാലയമാണ് രാജ്യത്തിന് ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ നടപടിയെ അപലപിച്ചത്. ജിസിസിയിലെ സജീവ അംഗമായ ഖത്തര്‍ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നുവെന്നും വ്യക്തമാക്കി. ഈ രാജ്യങ്ങളുടെ പുതിയ തീരുമാനം ഖത്തറിലെ പൗരന്മാരുടേയും പ്രവാസികളുടേയും സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും ഖത്തറി സമൂഹത്തേയും സമ്പദ് വ്യവസ്ഥയെയും ഹനിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ ഉപരോധത്തിന്റെ ലക്ഷ്യം വ്യക്തമാണെന്നും ഖത്തറിന് മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും ദോഹ ആരോപിച്ചു. പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും രാജ്യം വ്യക്തമാക്കി. തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെ സ്വന്തം കടമ നിര്‍വഹിക്കുകയാണ് രാജ്യം ഇതുവരെ ചെയ്തതെന്നും വിശദീകരിച്ചു.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഖത്തറിനെതിരായ നടപടി. ഗള്‍ഫ് സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിലപാടില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചു.
ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഖത്തറുമായുള്ള കര, ജല, വായു അതിര്‍ത്തികള്‍ അടക്കുകയാണെന്ന് നാലു രാജ്യങ്ങളും വ്യക്തമാക്കി. ഖത്തറില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ധാക്കുമെന്ന് വിമാന കമ്പനികളും അറിയിച്ചു തുടങ്ങി. ദോഹയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ നാളെ മുതല്‍ ഉണ്ടാകില്ലെന്ന് എത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു.
യമന്‍, സിറിയ എന്നിവിടങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തീവ്രവാദ സംഘടനകളെ ഖത്തര്‍ പ്രത്യക്ഷമായും, പരോക്ഷമായും സഹായിക്കുന്നുവെന്നതാണ് നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള കാരണമായി സൗദി ഉത്തരവില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഖത്തറുമായുളള ബന്ധം തുടര്‍ന്നും നിലനിര്‍ത്തുക എന്നത് ബുദ്ധിമുട്ടാണെന്നും ഉത്തരവിലുണ്ട്. സൗദി സഖ്യ സേനയില്‍ നിന്നും ഖത്തറിനെ മാറ്റിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.