ഇന്ത്യന്‍ ബോളിങ്ങില്‍ തകര്‍ന്നടിഞ്ഞ് പാകിസ്താന്‍; ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം

ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താന്റെ ലക്ഷ്യം 289 ആക്കി ചുരുക്കിയിരുന്നു. 41 ഓവറില്‍ വിജയലക്ഷ്യത്തിലെത്തുന്നതിന് മുമ്പെ ഇന്ത്യന്‍ ബോളിങ്‌നിര പാകിസ്താനെ എറിഞ്ഞിട്ടു. 164 റണ്‍സ് മാത്രമേ പാകിസ്താന് സ്‌കോര്‍ ചെയ്യാനായുള്ളൂ. 34-ാം ഓവറില്‍ പാകിസ്താന്‍ ഓള്‍ ഔട്ടായി. ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. യുവരാജ് സിങ്ങാണ് മാന്‍ ഓഫ് ദ മാച്ച്. ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെയുള്ള രണ്ടാം വിജയമാണ് ഇന്ത്യയുടേത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണ് ഇന്ത്യന്‍ ബാറ്റിങ് നിര അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത ശര്‍മ 119 ബോളില്‍ 91 റണ്‍സ് നേടി. നായകന്‍ കോഹ്ലി 68 പന്തില്‍ നിന്ന് 81 റണ്‍സ് സ്‌കോര്‍ ചെയ്ത് പുറത്താകാതെ നിന്നു. യുവരാജ് സിങ് 32 പന്തില്‍ നിന്ന് 53 റണ്‍സും ശിഖര്‍ ധവാന്‍ 64 ബോളില്‍ നിന്ന് 68 റണ്‍സും നേടി. ഹര്‍ദിക് പാണ്ഡ്യ അവസാന ഓവറില്‍ പായിച്ച ഹാട്രിക് സിക്സാണ് ഇന്ത്യയെ 300 കടത്തിയത്.