ഖത്തറിനെ ഒറ്റപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപണം; വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

ദോഹ: ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ വിച്ഛേദിച്ചു. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് നയതന്ത്രബന്ധം വിച്ഛേദിച്ചത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് നടപടി. ഗള്‍ഫ് സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിലപാടില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചു.
ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഖത്തറുമായുള്ള കര, ജല, വായു അതിര്‍ത്തികള്‍ അടക്കുകയാണെന്ന് നാലു രാജ്യങ്ങളും വ്യക്തമാക്കി. ഖത്തറില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ധാക്കുമെന്ന് വിമാന കമ്പനികളും അറിയിച്ചു തുടങ്ങി. ദോഹയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ നാളെ മുതല്‍ ഉണ്ടാകില്ലെന്ന് എത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു.
യമന്‍, സിറിയ എന്നിവിടങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തീവ്രവാദ സംഘടനകളെ ഖത്തര്‍ പ്രത്യക്ഷമായും, പരോക്ഷമായും സഹായിക്കുന്നുവെന്നതാണ് നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള കാരണമായി സൗദി ഉത്തരവില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഖത്തറുമായുളള ബന്ധം തുടര്‍ന്നും നിലനിര്‍ത്തുക എന്നത് ബുദ്ധിമുട്ടാണെന്നും ഉത്തരവിലുണ്ട്. സൗദി സഖ്യ സേനയില്‍ നിന്നും ഖത്തറിനെ മാറ്റിയിട്ടുണ്ട്.

ഖത്തറിലെ നയതന്ത്ര പ്രതിനിധികളെ 48 മണിക്കൂറിനകം തിരികെ വിളിക്കുമെന്ന ബഹ്‌റൈന്‍ വ്യക്തമാക്കി. നയതന്ത്ര ബന്ധം വിച്ഛേദിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെ കുറിച്ച് ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.