വെബ് ഡെസ്‌ക്ക്
പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായ കാമം സാക്ഷാത്കരിക്കുന്നതിനുവേണ്ടി പണ്ഡിതരസികനായ മല്ലനാഗ വാത്സ്യായനമഹര്‍ഷി രചിച്ച കൃതിയാണ് കാമസൂത്രം. ഭഗവദ്ഗീത കഴിഞ്ഞാല്‍ ഇന്ത്യയ്ക്കുവെളിയില്‍ ഏറ്റവുമധികം വായിക്കപ്പെടുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഭാരതീയ കൃതി എന്ന മേന്മയും ഇതിനുണ്ട്. കാമം എന്നാല്‍ മനുഷ്യന്റെ വൈകാരികസത്തയാണ്. അവന്റെ വികാരങ്ങളും ആഗ്രഹങ്ങളുംതന്നെ. ഒരാള്‍ക്ക് തന്റെ വൈകാരിക ജീവിതം നിഷേധിക്കപ്പെട്ടാല്‍ അയാള്‍ പിന്നെ എല്ലാം അടിച്ചമര്‍ത്തി അന്തര്‍മുഖനായി ധാര്‍മികപീഡനത്തിനിരയായിത്തീരും. അതിന്റെ പ്രതിപ്രവര്‍ത്തനം ആരംഭിച്ചാല്‍ മാനസികവും ശാരീരികവുമായ നാശം വരുത്തുന്ന ഒരു പ്രാകൃതലഹരിയിലേക്ക് അയാള്‍ പതിക്കുകയുംചെയ്യും.’ രതിയുടെ മാനസികവും ശാരീരികവുമായ സമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൃതികളുടെ നീണ്ട പട്ടികയില്‍ ഏറ്റവും പ്രശസ്തമാണ് കാമസൂത്രം. കാമസൂത്രം ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുസ്തകമാണ്. ഒരു പാട് സിനിമകള്‍ , നാടകങ്ങള്‍ , സര്‍ഗ്ഗാത്മകകൃതികള്‍ കാമസൂത്രയെ അധികരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. കാമസൂത്രയില്‍ നിന്ന് ഒരു അദ്ധ്യായം ചുവടെ…
ബാഹ്യലക്ഷണങ്ങളാലും ചേഷ്ടകളാലും പെണ്‍കുട്ടി തന്റെ പ്രണയം പ്രകടിപ്പിക്കാനാരംഭിക്കുമ്പോള്‍ കാമുകന്‍ അവളെ നാനാവിധ വഴികളാലും ഉപായങ്ങളാലും പൂര്‍ണമായും വശീകരിച്ചെടുക്കാന്‍ ശ്രമിക്കണം. അവ താഴെ പറയുന്നു: പെണ്‍കുട്ടിയുമായി ഏതെങ്കിലും കളിയിലോ വിനോദത്തിലോ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, കാമുകന്‍ ബോധപൂര്‍വം അവളുടെ കൈയ്ക്കു പിടിക്കണം. മുന്‍ അധ്യായത്തില്‍ (ഭാഗം രണ്ട്, അധ്യായം 2) വിവരിച്ചുകഴിഞ്ഞ പ്രകാരം സ്?പര്‍ശനാലിംഗനം പോലെയുള്ള വിവിധതരം ആലിംഗനങ്ങള്‍ അയാള്‍ അവളില്‍ പ്രയോഗിക്കണം. ഒഴിവുവേളകളില്‍, വൃക്ഷത്തിന്റെ ഇലയില്‍നിന്നു വെട്ടിയെടുത്ത മനുഷ്യജോടിയും അതുപോലെയുള്ള സംഗതികളും അയാള്‍ അവള്‍ക്കു കാണിച്ചുകൊടുക്കണം. ജലക്രീഡയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, അവളില്‍നിന്ന് ഒരു നിശ്ചിത അകലത്തില്‍ മുങ്ങിത്താഴ്ന്ന് അവളുടെ അരികിലായി വന്നു പൊങ്ങണം. തളിരിലകളിലും അതുപോലെയുള്ള സംഗതികളിലും തനിക്ക് അതിയായ താത്പര്യമുണ്ടെന്ന് അയാള്‍ വെളിപ്പെടുത്തണം. അവളെച്ചൊല്ലി താന്‍ ഹൃദയവേദന അനുഭവിക്കുന്നുണ്ടെന്ന് അവളോടു വിവരിക്കണം. മറ്റു സ്ത്രീകളെ പരാമര്‍ശിച്ച് താന്‍ കണ്ട സുന്ദരമായ സ്വപ്‌നത്തെക്കുറിച്ച് അവളോടു വര്‍ണിച്ചു പറയണം. പാര്‍ട്ടികളിലും സ്വജാതിയില്‍പ്പെട്ട സദസ്സുകളിലും അവളുടെ അരികിലിരുന്ന് എന്തെങ്കിലും ന്യായം കണ്ടെത്തി, തന്റെ പാദം അവളുടേതിന്മേല്‍ വെച്ച് അവളുടെ ഓരോ കാല്‍വിരലും സാവധാനം സ്?പര്‍ശിച്ച് നഖങ്ങളുടെ അറ്റം അമര്‍ത്തണം. ഇതില്‍ വിജയിച്ചാല്‍, തന്റെ കൈകൊണ്ട് അവളുടെ പാദം പിടിച്ച് ഇതേ സംഗതി ആവര്‍ത്തിക്കണം. അവള്‍ തന്റെ പാദങ്ങള്‍ കഴുകാനിടവരുമ്പോള്‍, തന്റെ കാല്‍വിരലുകള്‍ക്കിടയില്‍ വെച്ച് അവളുടെ കൈവിരല്‍ അമര്‍ത്തുകകൂടി വേണം. അവള്‍ക്ക് താന്‍ എന്തെങ്കിലും നല്കുകയോ അവളില്‍നിന്ന് എന്തെങ്കിലും സ്വീകരിക്കുകയോ ചെയ്യുമ്പോള്‍, തന്റെ പെരുമാറ്റരീതികൊണ്ടും ഭാവംകൊണ്ടും താനെത്രമാത്രം അവളെ സ്‌നേഹിക്കുന്നുവെന്ന് അവള്‍ക്കു കാണിച്ചുകൊടുക്കണം.
തന്റെ വായ കഴുകാന്‍ കൊണ്ടുവന്ന വെള്ളം അയാള്‍ അവള്‍ക്കുമേല്‍ തളിക്കണം. വിജനസ്ഥലത്തോ ഇരുട്ടത്തോ അവളോടൊത്തു തനിച്ചായിരിക്കുമ്പോള്‍, അവളോടു പ്രണയം പ്രകടിപ്പിക്കുകയും അവളെ ഒരുവിധത്തിലും വിഷമിപ്പിക്കാതെ തന്റെ യഥാര്‍ഥ മാനസികാവസ്ഥ പറയുകയും വേണം.
ഒരേ ഇരിപ്പിടത്തിന്മേലോ മെത്തമേലോ അവളോടൊപ്പം ഇരിക്കുമ്പോഴൊക്കെ അവളോടു പറയണം: ‘എനിക്ക് നിന്നോട് സ്വകാര്യമായി ചിലതു പറയാനുണ്ട്.’ പിന്നീട്, ആളൊഴിഞ്ഞ ഒരിടത്തുവെച്ച് അവളതു കേള്‍ക്കാന്‍ വരുമ്പോള്‍, വാക്കുകളിലുപരി ചേഷ്ടകളാലും സൂചനകളാലും തന്റെ പ്രണയം അയാള്‍ പ്രകടിപ്പിക്കണം. തന്നോടുള്ള അവളുടെ വൈകാരികാവസ്ഥ അറിയാനിടവരുമ്പോള്‍ താന്‍ രോഗിയാണെന്നു നടിച്ച് തന്നോടു സംസാരിക്കാനായി അവളെ ആ വീട്ടില്‍ വരുത്തണം. അവിടെവെച്ച് അവളുടെ കൈ ബോധപൂര്‍വം പിടിച്ച് തന്റെ കണ്ണിന്മേലും നെറ്റിമേലും അയാള്‍ വെക്കണം. തനിക്കായി ചില ഔഷധങ്ങള്‍ നിര്‍മിക്കുകയാണെന്ന നാട്യത്തില്‍, തനിക്കുവേണ്ടി ഈ ജോലി ചെയ്യണമെന്ന് ഇനിപ്പറയുന്ന വാക്കുകളില്‍ അവളോട് ആവശ്യപ്പെടണം: ‘ഈ ജോലി നീതന്നെ ചെയ്യണം, മറ്റാരു ചെയ്താലും ശരിയാവില്ല.’ അവള്‍ പോകാനാഗ്രഹിച്ചാല്‍ തന്നെ വന്ന് വീണ്ടും കാണണമെന്ന ആത്മാര്‍ഥമായ ഒരഭ്യര്‍ഥനയോടെ അവളെ പോകാന്‍ അനുവദിക്കണം. രോഗത്തിന്റെ ഈ ഉപായം മൂന്നു പകലും മൂന്നു രാത്രിയും തുടരണം. ഇതിനുശേഷം, തന്നെക്കാണാന്‍ കൂടക്കൂടെ അവള്‍ വരാനിരിക്കുമ്പോള്‍, അവളുമായി ദീര്‍ഘസംഭാഷണത്തില്‍ അയാള്‍ ഏര്‍പ്പെടണം. കാരണം, ഘോടകമുഖന്‍ പറയുന്നു, ‘ഒരു പെണ്‍കുട്ടിയെ ഒരുവന്‍ എത്രതന്നെ സ്‌നേഹിച്ചാലും ധാരാളം സംസാരിച്ചാലല്ലാതെ അവളെ നേടിയെടുക്കുന്നതില്‍ അയാളൊരിക്കലും വിജയിക്കുകയില്ല.’ ഒടുവില്‍, പെണ്‍കുട്ടി പൂര്‍ണമായി വശംവദയായെന്ന് കണ്ടെത്തിയാല്‍, തുടര്‍ന്ന് അവളെ അയാള്‍ക്ക് അനുഭവിക്കാന്‍ ആരംഭിക്കാവുന്നതാണ്. സന്ധ്യയ്ക്കും രാത്രിയിലും ഇരുട്ടിലും സ്ത്രീകള്‍ക്ക് പതിവിലും ഭീതി കുറവാണെന്നും ഈ സമയങ്ങളില്‍ അവര്‍ക്ക് സുരതാഭിലാഷം ഉണ്ടാകുമെന്നും അപ്പോഴവര്‍ പുരുഷന്മാരെ എതിര്‍ക്കുകയില്ലെന്നും ഈ സന്ദര്‍ഭത്തില്‍ മാത്രമേ അവരെ അനുഭവിക്കാന്‍ കഴിയൂ എന്നുമുള്ള ചൊല്ലിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍, അത് വെറുമൊരു സംസാരം മാത്രമാണ്.
പുരുഷന് തനിച്ചുള്ള പരിശ്രമംകൊണ്ട് മുന്നോട്ടു പോവുക അസാധ്യമാണെങ്കില്‍, കാമുകിയുടെ പരിചാരികയുടെ മകളുടെയോ അവള്‍ക്കു വിശ്വാസമുള്ള സഖിയുടെയോ സഹായത്താല്‍, തന്റെ ഉള്ളിലിരിപ്പ് അവളെ അറിയിക്കാതെ അവളെ തന്റെയടുത്ത് കൊണ്ടുവരീപ്പിക്കണം. തുടര്‍ന്ന്, നേരത്തേ വിവരിച്ച പ്രകാരം അയാള്‍ക്ക് മുന്നോട്ടു പോകാവുന്നതാണ്. അല്ലെങ്കില്‍, തുടക്കത്തില്‍ തന്റെതന്നെ പരിചാരികയെ, പെണ്‍കുട്ടിയുടെ സഖിയെന്ന നിലയില്‍ അവളോടൊപ്പം താമസിക്കാന്‍ പറഞ്ഞയച്ച് അവള്‍ മുഖാന്തരം കാമുകിയെ വശത്താക്കണം.
ഒടുവില്‍ മതപരമായ ചടങ്ങുകള്‍, വിവാഹച്ചടങ്ങുകള്‍, ചന്ത, ഉത്സവം, നാടകശാല, പൊതുസദസ്സ് എന്നിവിടങ്ങളിലും ഇതുപോലെയുള്ള മറ്റു സന്ദര്‍ഭങ്ങളിലും അവളുടെ ബാഹ്യചേഷ്ടകള്‍കൊണ്ടും തന്നോടുള്ള അവളുടെ പെരുമാറ്റരീതികൊണ്ടും അവളുടെ മാനസികാവസ്ഥ അയാള്‍ അറിയുമ്പോള്‍, അവള്‍ തനിച്ചായിരിക്കുന്ന സമയത്ത് അവളെ അനുഭവിക്കാന്‍ തുടക്കംകുറിക്കണം.എന്തുകൊണ്ടെന്നാല്‍ സ്ത്രീകള്‍ ഉചിതമായ സമയത്തും ഉചിതമായ സ്ഥലത്തും വെച്ച് കൈകാര്യം ചെയ്യപ്പെട്ടാല്‍ തങ്ങളുടെ കാമുകന്മാരില്‍നിന്ന് അവര്‍ പിന്മാറുകയില്ലെന്ന് വാത്സ്യായനന്‍ സിദ്ധാന്തിക്കുന്നു.
സദ്ഗുണസമ്പന്നയും നല്ല രീതിയില്‍ വളര്‍ന്നവളുമാണെങ്കിലും താണ കുടുംബത്തിലോ നിര്‍ധനകുടുംബത്തിലോ പിറന്നവളാണെങ്കില്‍ അനുരൂപനായ ഭര്‍ത്താവിനെ കിട്ടുക ബുദ്ധിമുട്ടായിരിക്കും. അതുപോലെതന്നെയാണ് തന്റെ കുടുംബത്തിന്റെയും ജാതിയുടെയും നിയമങ്ങള്‍ ദീക്ഷിക്കുന്നവളാണെങ്കിലും അനാഥയും രക്ഷിതാക്കളില്ലാത്തവളുമായ ഒരു പെണ്‍കുട്ടിയുടെ സ്ഥിതി. ഇത്തരമൊരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിക്കഴിഞ്ഞ് വിവാഹിതയാകാന്‍ ആഗ്രഹിക്കുമ്പോള്‍ ശക്തനും കാണാന്‍ കൊള്ളാവുന്നവനുമായ ഒരു യുവാവിനെ വശംവദനാക്കാന്‍ പരിശ്രമിക്കണം. മനസ്സിന്റെ ദൗര്‍ബല്യം മൂലവും രക്ഷിതാക്കളുടെ സമ്മതംപോലുമില്ലാതെയും തന്നെ വിവാഹം കഴിക്കുമെന്ന് അവള്‍ കരുതുന്ന വ്യക്തിയായിരിക്കണം അയാള്‍. ഇയാളെ കൂടക്കൂടെ കണ്ടും സംസാരിച്ചും ഇയാള്‍ക്ക് തന്നോട് ഇഷ്ടം ഉണ്ടാകത്തക്കവിധം വേണം ഇതു ചെയ്യാന്‍. അവളുടെ സഖികളുടെയും പരിചാരികയുടെ മകളുടെയും സഹായത്താല്‍ അവളുടെ അമ്മ ഇരുവരെയും നിരന്തരമായി കൂട്ടിമുട്ടിക്കണം. ഏതെങ്കിലും ഏകാന്തമായ സ്ഥലത്ത് തന്റെ പ്രിയതമനെ തനിച്ചു കിട്ടാന്‍ പെണ്‍കുട്ടി ശ്രമിക്കണം. അസാധാരണ സന്ദര്‍ഭങ്ങളില്‍ അയാള്‍ക്ക് പൂക്കളും അടയ്ക്കയും വെറ്റിലയും സുഗന്ധദ്രവ്യങ്ങളും നല്കുകയും വേണം. കലാപ്രകടനം, ഉഴിച്ചില്‍, നഖംകൊണ്ടുള്ള മാന്തല്‍, അമര്‍ത്തല്‍ എന്നിവയിലെ തന്റെ നിപുണതയും അവള്‍ പ്രകടിപ്പിക്കണം. അയാള്‍ ഏറ്റവുമധികം ഇഷ്ടപെടുന്ന വിഷയത്തെക്കുറിച്ച് അയാളോടു സംസാരിക്കുകയും ഒരു പെണ്‍കുട്ടിയുടെ സ്‌നേഹം നേടിയെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും വേണം.
എന്നാല്‍, പെണ്‍കുട്ടി തന്റെ കാമുകനെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെങ്കില്‍ക്കൂടിയും അവള്‍ സ്വയം സമര്‍പ്പിക്കുകയോ പ്രണയപ്രകടനങ്ങള്‍ക്കു മുന്‍കൈ എടുക്കുകയോ ചെയ്യില്ല എന്ന് പഴയ ആചാര്യന്മാര്‍ പറയുന്നു.