വിഴിഞ്ഞം പദ്ധതി: സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും; ‘സര്‍ക്കാരിന്റെ വിശദീകരണം പരിഗണിച്ചില്ല’

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സിഎജി നല്‍കിയ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാകും പരാതി. റിപ്പോര്‍ട്ടില്‍ ബാഹ്യസ്വാധീനം ഉണ്ടോയെന്ന സംശയവും ഉമ്മന്‍ചാണ്ടി പരാതിയില്‍ അറിയിക്കും. ഗുരുതരമായ ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടി സിഎജി റിപ്പോര്‍ട്ടിനെതിരെ ഉന്നയിച്ചിരിക്കുന്നത്. തുറമുഖ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ എജി ചര്‍ച്ചയ്ക്ക് അവസരം നല്‍കിയില്ല. കൂടാതെ സര്‍ക്കാരിന്റെ വിശദീകരണവും എജി പരിഗണിച്ചില്ല. ഓഡിറ്റ് വിഭാഗത്തിലെ കണ്‍സല്‍ട്ടന്റിനെതിരെയും ഉമ്മന്‍ചാണ്ടി പരാതി ഉന്നയിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സിഎജി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്നും നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തുറമുഖത്തിന്റെ കരാര്‍ കാലാവധി പത്തുവര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണ്. 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധിയാണ് അട്ടിമറിച്ചത്. 20 വര്‍ഷം കൂടി അധികം നല്‍കാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണ്. ഓഹരിഘടനയിലെ മാറ്റം സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
കരാര്‍ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണ്. പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നരലക്ഷത്തോളം കോടി രൂപ ലഭിക്കും. അതെസമയം പദ്ധതി വിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സര്‍ക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുന്നതും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്.

© 2022 Live Kerala News. All Rights Reserved.