കണ്ണൂരില്‍ പരസ്യ കശാപ്പ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ട് പേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ പൊതുജനമധ്യത്തില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍, സറഫുദ്ദീന്‍ അടക്കം എട്ട് പേരെയാണ് കണ്ണൂര്‍ സിറ്റി സിഐ അറസ്റ്റ് ചെയ്തത്.
വളര്‍ത്തു മൃഗങ്ങള്‍ക്കെതിരായുള്ള ക്രൂരത തടയല്‍ വകുപ്പ്, കേരള പൊലീസ് ആക്ട് 120 എ വകുപ്പ്, അന്യായമായ സംഘം ചേരല്‍ ഐപിസി 143, 147 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്തത്. സംഭവത്തില്‍ വലിയ വിമര്‍ശനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം യൂത്ത് കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചത്. വിവാദത്തെ തുടര്‍ന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ റിജില്‍ മാക്കുറ്റി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍ എന്നിവരുള്‍പ്പെടെ നാല് പേരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
Also Read: കണ്ണൂരിലെ പരസ്യ കശാപ്പ്: യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ സസ്‌പെന്‍ഷനുമായി കെപിസിസിയും; റിജില്‍ മാക്കുറ്റിയടക്കം മൂന്ന് പേര്‍ പുറത്ത്‌
മാടിനെ പരസ്യമായി അറുത്തതിന് എതിരെ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തിരുന്നു. യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Also Read: കശാപ്പ് നിരോധനത്തിനെതിരെ പരസ്യമായി മാടിനെ അറുത്ത് പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റക്കാര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.