അമിത് ഷാ കേരളത്തിലേക്ക്; ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം; കമ്മ്യൂണിസ്റ്റ് അടിത്തറ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി

മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടാനുളള ശ്രമങ്ങളാണ് അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ട് ബിജെപി നടത്തുന്നതും. കേരളത്തിലെ ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായിട്ടുളള കൂടിക്കാഴ്ചയ്ക്കും ബിജെപി അരങ്ങൊരുക്കുന്നുണ്ട്. ജൂണ്‍ രണ്ടിന് കൊച്ചിയിലെത്തുന്ന അമിത് ഷാ സഭയുടെ സ്ഥാപനമായ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ചാണ് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നത്.
സീറോ മലബാര്‍ സഭാധ്യക്ഷനെയും ലത്തീന്‍ കത്തോലിക്കാ സഭാ മേധാവിയെയും ബിജെപി കൂടിക്കാഴ്ചയ്ക്കായി പ്രത്യേകം ക്ഷണിച്ചു കഴിഞ്ഞു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ബിഷപ്പ് ഹൗസുകളില്‍ പോയി മെത്രാന്മാരെ ക്ഷണിച്ചിരിക്കുന്നതും. കൂടാതെ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരായ പ്രമുഖ വ്യക്തിത്വങ്ങളെ അമിത് ഷായ്ക്ക് മുന്നില്‍ എത്തിക്കാനുളള നീക്കവും ഊര്‍ജിതമായി നടക്കുന്നുണ്ട്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വരവെന്ന് ബിജെപി സെക്രട്ടറി എച്ച്. രാജ പറഞ്ഞു. പശ്ചിമബംഗാളിന് ശേഷം കേരളത്തിലും കമ്മ്യൂണിസ്റ്റ് അടിത്തറ തകരാന്‍ പോകുകയാണ്. അതുകൊണ്ട് അവര്‍ അക്രമം അഴിച്ചുവിടുകയാണെന്നും കേരളത്തിന്റെ ചുമതലയുളള രാജ വ്യക്തമാക്കി.

© 2022 Live Kerala News. All Rights Reserved.