കുരുന്നുകള്‍ക്ക് ക്ലാസെടുത്ത് വിദ്യാഭ്യാസ മന്ത്രി; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി; ചരിത്രത്തിലേക്ക് ആതിരയുടെ കൈപിടിച്ച് ഊരൂട്ടമ്പലത്തെ പ്രവേശനോത്സവം

തിരുവനന്തപുരം: സംസ്ഥാനത്ത് 43 ലക്ഷത്തോളം കുട്ടികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരം ഊരൂട്ടമ്പലം ഗവണ്‍മെന്റ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ഹിച്ചു. വിപുലമായ പരിപാടികളോടെയാണ് ഈ വര്‍ഷം സംസ്ഥാന സ്‌കൂള്‍തല പ്രവേശനം ആരംഭിക്കുന്നത്.
ആദ്യ ദിനം സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ സ്വീകരിച്ചത്‌ വിദ്യാഭ്യാസ മന്ത്രിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കഥാപുസ്തകവും പാഠപുസ്തകങ്ങളും അദ്ദേഹം നല്‍കി. കൂടാതെ ക്ലാസെടുക്കുകയും ചെയ്തു അദ്ദേഹം. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ സ്കൂളുകളുടെ വികസനത്തിനും സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കീഴ് ജാതിക്കാരിയായതിനാല്‍ ജന്മിമാര്‍ അക്ഷരഭ്യാസം നിഷേധിച്ച പഞ്ചമിയുടെ അഞ്ചാം തലമുറയില്‍പ്പെട്ട ആതിര എന്ന വിദ്യാര്‍ത്ഥിക്കാണ് ഇന്ന് ഊരൂട്ടമ്പലം ഗവണ്‍മെന്റ് സ്‌കൂളില്‍ ഈ വര്‍ഷം ആദ്യം പ്രവേശനം അനുവദിച്ചതെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പ്രവേശനോത്സവത്തിന്.
സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിലിടം നേടിയ കണ്ടല ലഹളയ്ക്ക് തിരികൊളുത്തിയത് പഞ്ചമിയ്ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതാണ്. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പഞ്ചമിയെ സ്‌കൂളിലെത്തിച്ചെങ്കിലും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പഠിക്കാന്‍ അവസരം നിഷേധിക്കുകയായിരുന്നു. പഞ്ചമിയെ സ്‌കൂളധികൃതര്‍ ഓലപ്പുരയിലാക്കിയതിന് പുറമെ ബെഞ്ച് കത്തിക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. തുടര്‍ന്ന് കണ്ടല കുടിപ്പളളിക്കുടം ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു. ഇതാണ് ഇന്ന് ഊരൂട്ടമ്പലം ഗവണ്‍മെന്റ് സ്കൂള്‍ എന്നറിയപ്പെടുന്നത്. പഞ്ചമിക്ക് അക്ഷരം നിഷേധിച്ച് നൂറ്റാണ്ടിനുശേഷം സ്കൂളില്‍ ആതിരയെത്തുമ്പോള്‍ പണ്ട് പഞ്ചമിയുടെ പേരില്‍ അഗ്നിക്കിരയായ പളളിക്കൂടത്തിലെ പാതി കത്തിയ ബെഞ്ച് സ്കൂളിലെ ചരിത്ര മ്യൂസിയത്തില്‍ ആതിരയ്ക്ക് മുന്നില്‍ ഉണ്ടാകും.

മുരുകന്‍ കാട്ടക്കട രചിച്ച് ചിത്ര ആലപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ ഗാനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതമോതിയത്. ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കിയ ചുവരിന് പുറമെ പുത്തന്‍ ബെഞ്ചും ഡസ്‌ക്കുമൊക്കെ കുരുന്നുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാനത്തുടനീളം ഇന്ന് ഒരുക്കിയിരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.