അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം; 49 പേര്‍ മരിച്ചു; എംബസി ഉദ്യോഗസ്ഥര്‍ സുരക്ഷിതരെന്ന് സുഷമ സ്വരാജ്‌

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇന്ത്യന്‍ എംബസിയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 49 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ എംബസിയ്ക്ക് 100 മീറ്റര്‍ അകലെ നടന്ന സ്‌ഫോടനത്തില്‍ ഓഫീസിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. എംബസി ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ട്വീറ്റ് ചെയ്തു.
നിരവധി രാജ്യങ്ങളുടെ വിദേശകാര്യ ഓഫീസും പ്രസിഡന്റിന്റെ കൊട്ടാരവും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സ്ഫോടനം നടന്നത്.വാഹനത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അഫ്ഗാന്റെ തലസ്ഥാന നഗരിയില്‍ ഈ വര്‍ഷം നിരവധി സ്‌ഫോടനങ്ങളാണ് ഉണ്ടായത്. അടുത്തിടെ കാബൂളില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. നാറ്റോ സൈന്യത്തെയടക്കം ലക്ഷ്യംവെച്ച ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.