മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റ്: മര്‍ദനമേറ്റ സൂരജിനെതിരെയും കേസ്; എബിവിപി പ്രവര്‍ത്തകരുള്‍പ്പെട്ട എട്ടംഗ സംഘത്തിനെതിരെയും കേസെടുത്തു

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് എബിവിപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനത്തിന് ഇരയായ മലയാളി വിദ്യാര്‍ത്ഥിക്കെതിരെയും കേസ്. മലയാളിയായ സൂരജിനെതിരെയാണ് മര്‍ദിച്ചവരുടെ സംഘത്തിലെ പ്രധാനി മനീഷ്‌കുമാര്‍ സിങ് നല്‍കിയ പരാതിയില്‍ കേസെടുത്തത്. സൂരജിന്റെ കണ്ണ് ആക്രമിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യക്കാരായ എട്ടുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട. എബിവിപി നേതാവായ മനീഷ് കുമാര്‍ അടക്കമുളളവര്‍ക്കെതിരെ കലാപം അഴിച്ചുവിട്ടു, മര്‍ദിച്ചു, തടഞ്ഞുവെച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തമിഴ്‌നാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിനെതിരെ കഴിഞ്ഞദിവസം രാത്രിയാണ് ഐഐടി ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ സജീവപ്രവര്‍ത്തകനായ സൂരജ് സമരത്തില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധത്തില്‍ ആകെ 50ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും ചെയ്തു. ബീഫ് ഫെസ്റ്റ് നടത്തിയതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നാണ് ഉത്തരേന്ത്യക്കാരായ എബിവിപി പ്രവര്‍ത്തകരുടെ സംഘം സൂരജിനെ മര്‍ദിക്കുന്നത്. വലതുകണ്ണിന് ഗുരുതരമായി പരുക്കേറ്റ സുരജ് ആശുപത്രിയിലാണ്. ആക്രമികള്‍ക്കെതിരെ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ക്യാംപസിലെ എബിവിപി നേതാവായ മനീഷ്‌കുമാറിന്റെ നേതൃത്വത്തിലുളള എട്ടംഗ സംഘമാണ് മര്‍ദിച്ചതെന്നാണ് പരാതി.ക്യാംപസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി സൂരജ് പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.