കേന്ദ്രത്തിന്റെ കശാപ്പ് നിരോധനം: സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്; പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചു ചേര്‍ക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്. നിയമനടപടികള്‍ സ്വീകരിക്കാനാണ് ഇടത് സര്‍ക്കാര്‍ തീരുമാനം. വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കശാപ്പ് നിരോധന ഉത്തരവിനെതിരെ നടപടികളാലോചിക്കാന്‍ സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യും.
മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന നിയമം ഉപയോഗിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് നിരോധിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കായി അല്ലാതെ രാജ്യത്ത് കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കില്ല. പശു, കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനും വില്‍പനയ്ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കന്നുകാലികളെ ബലിയര്‍പ്പിക്കുന്നതും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു.
ഭക്ഷണ കാര്യത്തിലെ കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നുണ്ട്. കേരളത്തിലും ബീഫ് ഫെസ്റ്റിവലടക്കം നടത്തി കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിന് ഇടയിലാണ് ഹൈക്കോടതിയിലേക്ക് നീങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നാലാഴ്ചത്തേക്ക് കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് സ്‌റ്റേ ചെയ്തത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സെൽവ ഗോമതി നൽകിയ പൊതു താൽപര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

© 2024 Live Kerala News. All Rights Reserved.