മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നുവെന്ന് ജി സുധാകരന്‍; ‘അന്നത് കേട്ടിരുന്നെങ്കില്‍ സ്വപ്‌നം കാണാനാകാത്ത പദവിയിലെത്താമായിരുന്നു’

കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നുവെന്ന് സൂചിപ്പിച്ച് മന്ത്രി ജി സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വാഗ്ദാനമെന്നും അന്ന് എല്‍ഡിഎഫ് പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ കെഎം മാണിക്ക് സ്വപ്‌നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നു എന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന കാര്യം സിപിഐഎം നേതാവ് സ്ഥിരീകരിക്കുകയാണ് ചെയ്തത്.
2012ല്‍ നിയമസഭയില്‍ താന്‍ പ്രസംഗിച്ചിരുന്നുവെന്നും അന്നത് കേട്ടിരുന്നെങ്കില്‍ മാണിസാറിന് ഈ ദുംഖങ്ങളുണ്ടാകുമായിരുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. യുഡിഎഫുകാര്‍ സ്വര്‍ണം കൊണ്ട് കെട്ടിയാലും സാരമില്ല അങ്ങേക്ക് അത് ബന്ധനം തന്നെയാണ്, ഇടക്കാലത്ത് കിട്ടുന്ന ഒരു പോസ്റ്റായിരുന്നെങ്കിലും അത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നുവെന്നും ജി സുധാകരന്‍ സൂചിപ്പിച്ചു.

മുഖ്യമന്ത്രിയാക്കാമെന്ന കാര്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഞങ്ങളുടെ കൂടെ വരാന്‍ ക്ഷണിച്ചില്ലെന്നും മന്ത്രി ഒടുവില്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ സംഘടിത നീക്കം നടത്തുന്നുവെന്ന് പറഞ്ഞ മന്ത്രി വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ലെന്ന് പറയാനും മടിച്ചില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കത്തുകള്‍ക്ക് പോലും മറുപടി കിട്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.