‘വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക്’; ഉദ്യോഗസ്ഥരെ ബലിയാടാക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി

വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിഎജി റിപ്പോര്‍ട്ടി പേരില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് യോജിക്കുന്നതല്ലെന്ന് കടുത്ത വിമര്‍ശനം സിഎജി റിപ്പോര്‍ട്ടിലുണ്ടായതോടെയാണ് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയതെന്ന് മുന്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
വിഴിഞ്ഞം കരാറിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ലെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന താത്പര്യം കണക്കിലെടുത്ത് തന്നെയാണ് കരാര്‍ ഒപ്പിട്ടത്. ആദ്യത്തെ കരാറില്‍ 30 കൊല്ലമായിരുന്നു കാലാവധി. നിലവിലുള്ള കരാറില്‍ 40 കൊല്ലമാക്കി കൊടുത്തു എന്നാണ് ആക്ഷേപം. എന്നാല്‍ ആദ്യ കരാറില്‍ നിര്‍മ്മാണം പൂര്‍ത്തിയായി 30 കൊല്ലം കഴിഞ്ഞ് ലാഭവിഹിതം കിട്ടുമെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അദാനിയുമായുണ്ടാക്കിയ കരാറില്‍ ഒപ്പിടുന്ന അന്ന് മുതല്‍ 40 കൊല്ലം വരെ എന്നാണ് ചേര്‍ത്തിരിക്കുന്നത്. നാല് വര്‍ഷമാണ് നിര്‍മ്മാണകാലാവധി. ആസൂത്രണ കമ്മീഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് തന്നെയാണ് 40 കൊല്ലം എന്ന വ്യവസ്ഥ അംഗീകരിച്ചതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതിക്കെതിരായ സിഎജി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന് വിഡി സതീശന്‍ കത്ത് നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.