മൂന്നാറില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തിന്റെ മാത്രം അനുമതി പോര; നിര്‍മ്മാണത്തിന് കടിഞ്ഞാണിട്ട് ഹരിത ട്രൈബ്യൂണല്‍; ഏലമലക്കാട്ടില്‍ മരം മുറിക്കുന്നതിനും വിലക്ക്

മൂന്നാറില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി ഹരിത ട്രൈബ്യൂണല്‍. കെട്ടിട നിര്‍മ്മാണത്തിന് മൂന്നാര്‍ പഞ്ചായത്തിന്റെ മാത്രം അനുമതി പോരെന്ന് ചെന്നൈ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. റവന്യു വകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കി. നിര്‍മ്മാണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും കൂടിയേ തീരൂവെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി.
മൂന്നാര്‍ പഞ്ചായത്ത് ചട്ടം ലംഘിച്ച് റിസോര്‍ട്ടുകള്‍ക്ക് എന്‍ഒസി നല്‍കിയതായും ചെന്നൈയിലെ ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് കണ്ടെത്തി. അനുമതിയില്ലാതെ ഏലമലക്കാടുകളില്‍ നിന്ന് മരംമുറിക്കാന്‍ പാടില്ലെന്നും ഉത്തരവ്. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കലിന് പ്രത്യേക നയമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും വ്യക്തമാക്കി.
കേസില്‍ ദേവികുളം സബ്കളക്ടറോട് കക്ഷി ചേരാനം ട്രൈബ്യൂണല്‍ ബെഞ്ച് ആവശ്യപ്പെട്ടു. മൂന്നാർ കയ്യേറ്റമൊഴിപ്പിയ്ക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ലംഘിച്ച് ഒട്ടേറെ റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും പഞ്ചായത്ത് എന്‍ഒസി നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഹരിതട്രൈബ്യൂണലിന്റെ കർശന ഉത്തരവ്. സംസ്ഥാന സർക്കാരിന് വേണ്ടി ഇടുക്കി ജില്ലാ കലക്ടർ നൽകിയ ഇടക്കാല റിപ്പോർട്ടിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

മൂന്നാറിൽ പുതിയ കെട്ടിടനിർമ്മാണം പൂർണമായും നിരോധിക്കണമെന്ന് കേസിൽ കക്ഷി ചേർന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടെങ്കിലും ട്രൈബ്യൂണൽ ഇത് അംഗീകരിച്ചില്ല. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുകയും നിലവിലുള്ളവയ്ക്ക് ലൈസൻസ് പുതുക്കി നൽകരുതെന്നും ഉത്തരവിടുകയാണ് ട്രൈബ്യൂണൽ ചെയ്തത്. 2010 മുതല്‍ എൻഒസി നൽകിയ റിസോർട്ടുകളുടെ വിവരങ്ങൾ സമർപ്പിക്കാനും മൂന്നാർ പഞ്ചായത്തിനോട് ട്രൈബ്യൂണൽ നിർദേശിച്ചു.

© 2024 Live Kerala News. All Rights Reserved.